ഈ പരിഭാഷയിൽ, 2021-09-12 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം ഓപ്പണ്‍ സോഴ്സ് വിട്ടുപോകുന്നതു് എന്തുകൊണ്ടു്

“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” , “ഓപ്പൺ സോഴ്സ്” എന്നീ പദങ്ങൾ ഏതാണ്ട് ഒരേ തരത്തിലുള്ള പ്രോഗ്രാമുകൾക്കു വേണ്ടിയാണു് നിലകൊള്ളുന്നതു്. എന്നിരുന്നാലും, ആ പ്രോഗ്രാമുകളെ കുറിച്ചു് അവർ പറയുന്നതു് വ്യത്യസ്തമായ മൂല്യങ്ങളെ അടിസ്ഥാനമാക്കി, വളരെ ആഴത്തിൽ വ്യത്യാസമുള്ള കാര്യങ്ങളാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കമ്പ്യൂട്ടിങ് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു; ഇതു് സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണു്. അതിനു വിപരീതമായി, ഓപ്പൺ സോഴ്സ് എന്ന ആശയം തത്ത്വങ്ങൾക്കുവേണ്ടി പ്രവർത്തിക്കാതെ പ്രായോഗിക ഗുണങ്ങളെ വിലമതിക്കുന്നു. ഇതുകാരണമാണു് ഞങ്ങൾ ഓപ്പൺ സോഴ്സിനെ അനുകൂലിക്കാത്തതും, ആ പദം ഉപയോഗിക്കാത്തതും.

സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം) – ​എന്നതുപോലെ “ഫ്രീ ബിയര്‍” (സൌജന്യ ഭക്ഷണം) എന്നതുപോലെ അല്ല.

ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, വാക്കുകളും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.

ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ (*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രതിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ്” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്നു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം (GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രോഗ്രാം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഉപയോക്താക്കളും, നിര്‍മ്മാതാക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടു് അനുകൂലിച്ചില്ല. 1998-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു ഭാഗം പ്രവര്‍ത്തകര്‍ “ഓപ്പണ്‍ സോഴ്സ്” എന്ന പേരില്‍ സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയർ”‍ എന്ന വാക്കിലെ ആശയക്കുഴപ്പമാണു് ഓപ്പണ്‍ സോഴ്സ് എന്ന വാക്കുണ്ടാവാനുള്ള ആദ്യ കാരണം. പക്ഷെ താമസ്സിയാതെ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ആശയത്തെ പിന്‍താങ്ങുന്നതായി.

ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ ആദ്യം അതിനെ “സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വാണിജ്യ രംഗത്തെ വിപണന ഉപാധി” ആയാണു് കണ്ടതു്. പൊതുവെ സാമൂഹിക ശരിതെറ്റുകളെ കുറിച്ചു് അധികം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളെ പറ്റി പറയുന്ന പ്രചരണം. മറ്റു പ്രവര്‍ത്തകര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉയര്‍ത്തുന്ന മൂല്യത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും വിഷയങ്ങളെ പാടെ നിഷേധിച്ചു. അവരുടെ കാഴ്ചപ്പാടെന്തായാലും ഓപ്പണ്‍ സോഴ്സിനു വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ ഈ മൂല്യങ്ങളേ കുറിച്ചു് പറയുകയോ വാദിയ്ക്കുകയോ ചെയ്തില്ല. പോകപ്പോകെ “ഓപ്പണ്‍ സോഴ്സ്” എന്നാല്‍, ശക്തവും വിശ്വസ്തവും ആയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളേ കുറിച്ചു് മാത്രം പറയുന്നതായി. ഒട്ടുമിക്ക ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും അങ്ങിനെയാണു് ചെയ്തതു്. ഒട്ടുമിക്ക “ഓപ്പണ്‍ സോഴ്സ്” ചർച്ചകളും ശരി തെറ്റുകൾക്കു് ഒരു ശ്രദ്ധയും കൊടുക്കാതെ, പ്രശസ്തിയിലും വിജയത്തിലും മാത്രം താൽപര്യം പുലർത്തുന്നു; ഒരു ഉദാഹരണം ഇതാണു്. ഈയിടെയായി ഒരു ചെറിയ വിഭാഗം ഓപ്പൺസോഴ്സ് പ്രവർത്തകർ സ്വാതന്ത്ര്യം പ്രശ്നങ്ങളിൽ ഒന്നാണെന്നു പറയുന്നു, പക്ഷേ അങ്ങനെ പറയാത്ത ധാരാളം പേരുടെ ഇടയിൽ അവരത്ര പ്രത്യക്ഷമല്ല.

രണ്ടു് പദങ്ങളും ഏതാണ്ടു് ഒരേ ഗണത്തിലുള്ള സോഫ്റ്റ്‌വെയറിനെ കുറിച്ചാണു് പറയുന്നതെങ്കിലും, അടിസ്ഥാനപരമായി വ്യത്യസ്തമായ ആശയങ്ങൾക്കു വേണ്ടിയാണു് അവ നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു നൈതിക പ്രശ്നമാണു്, എന്തെന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നുള്ളു. ഇതില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായി എങ്ങിനെ “മെച്ചപ്പെട്ട” സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാം ​​എന്ന ദിശയിൽ മാത്രമാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയങ്ങള്‍. അതു് പ്രകാരം കുത്തക സോഫ്റ്റ്‌വെയര്‍, പ്രായോഗിക പ്രശ്നങ്ങൾക്കുള്ള ഗുണം കുറഞ്ഞ ഒരു പരിഹാരമാണു്.

എന്തിരുന്നാലും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണു്, മാത്രമല്ല അതിനുള്ള പരിഹാരം അതുപയോഗിക്കുന്നതു് അവസാനിപ്പിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുക എന്നതാണു്.

“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. “ഓപ്പണ്‍ സോഴ്സ്”. ഇവരണ്ടും ഒരേ (അല്ലെങ്കിൽ ഏകദേശം ഒരേ)സോഫ്റ്റ്‌വെയറിനെ പറ്റി പറയുന്നു. പിന്നെ ഏതു പേരുപയോഗിച്ചാലും കുഴപ്പമുണ്ടോ? ഉണ്ടു്. കാരണം, വ്യത്യസ്ത പേരുകള്‍ വ്യത്യസ്ത ആശയങ്ങളാണു് സംവേദനം ചെയ്യുന്നതു്. സ്വതന്ത്രമായ ഒരു സോഫ്റ്റ്‌വെയര്‍ ഏതു പേരിലായാലും ഇന്നു് നിങ്ങള്‍ക്കു് അതേ സ്വാതന്ത്ര്യങ്ങള്‍ തന്നെ നല്കുന്നു. പക്ഷെ സ്വാതന്ത്ര്യം എന്നന്നേയ്ക്കുമായി നിലനില്കുന്നതിനു്, ജനങ്ങളെ അവരുടെ സ്വാതന്ത്ര്യത്തെ പറ്റി ബോധാവാന്മാരാക്കേണ്ടതു് ആവശ്യമാണു്. അതിനായി സഹായിയ്ക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” -നെ പറ്റി പറയേണ്ടതു് വളരെ പ്രധാനമാണു്.

‌ഞങ്ങള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റിലുള്ളവർ, ഓപ്പണ്‍ സോഴ്സ് പക്ഷത്തെ ശത്രുക്കളായി കാണുന്നില്ല; കുത്തക (സ്വതന്ത്രമല്ലാത്ത) സോഫ്റ്റ്‌വെയറുകളാണു് ഞങ്ങളുടെ ശത്രുക്കള്‍. പക്ഷെ ഞങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളുന്നതു് എന്നു് ജനങ്ങളറിയാന്‍ ഞങ്ങള്‍ക്കു് താത്പര്യമുണ്ടു്. അതുകൊണ്ടു് തന്നെ ഞങ്ങളെ ഓപ്പണ്‍ സോഴ്സിന്റെ വക്താക്കളായി ചിത്രീകരിയ്ക്കുന്നത് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല. ഞങ്ങൾ വാദിക്കുന്നതു് “ഓപ്പൺ സോഴ്സ്” അല്ല, ഞങ്ങൾ എതിർക്കുന്നതു് “ക്ലോസ്ഡ് സോഴ്സും” അല്ല. ഇതു വ്യക്തമാക്കുന്നതിനു വേണ്ടി ഈ പദങ്ങൾ ഉപയോഗിക്കുന്നതു് ഞങ്ങൾ ഒഴിവാക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പൺ സോഴ്സും തമ്മിലുള്ള പ്രായോഗിക വ്യത്യാസങ്ങൾ

ഫലത്തിൽ, ഓപ്പൺ സോഴ്സ് സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റേതിനേക്കാൾ ഒരല്പം അയഞ്ഞ മാനദണ്ഡങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു. ഞങ്ങൾക്കു് അറിയാവുന്നിടത്തോളം, നിലവിൽ പ്രകാശനം ചെയ്തിട്ടുള്ള എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയർ സോഴ്സ് കോഡും ഓപ്പൺ സോഴ്സ് ആയി അംഗീകരിയ്ക്കാവുന്നതാണു്. ഏകദേശം എല്ലാ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്, പക്ഷേ ഇതിനു ചില അപവാദങ്ങളുണ്ട്. ആദ്യത്തേതു്, ചില ഒപ്പൺ സോഴ്സ് സമ്മതപത്രങ്ങൾ വല്ലാതെ പരിമിതപ്പെടുത്തുന്നതാണു്, അതുകൊണ്ട് അവയെ സ്വതന്ത്ര സമ്മതപത്രങ്ങളായി അംഗീകരിക്കാവുന്നതല്ല. ഉദാഹരണത്തിനു്, “ഓപ്പൺ വാറ്റ്കോം (Open Watcom)” സ്വതന്ത്രമല്ലാത്തതാണു് കാരണം ഇതിൻ്റെ സമ്മതപത്രം മെച്ചപ്പെട്ട ഒരു പതിപ്പ് ഉണ്ടാക്കുവാനോ സ്വകാര്യമായി അതു് ഉപയോഗിക്കുവാനോ അനുവദിക്കുന്നില്ല. ഭാഗ്യത്തിനു്, വളരെ കുറച്ചു പ്രോഗ്രാമുകൾ മാത്രമേ അത്തരം സമ്മതപത്രങ്ങൾ ഉപയോഗിക്കുന്നുള്ളു.

രണ്ടാമതായി, ഒരു പ്രോഗ്രാമിൻ്റെ സോഴ്സ് കോഡ് ദുർബലമായ ഒരു സമ്മതപത്രം ഉള്ളതാണെങ്കിൽ, കോപ്പിലെഫ്റ്റ് ഇല്ലാത്ത ഒന്നു്, അതിൻ്റെ എക്സിക്യൂട്ടബിളുകൾ സ്വതന്ത്രമല്ലാത്ത നിബന്ധനകൾ കൂടി ഉള്ളതാവാം. ഉദാഹരണത്തിനു്, മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റു‍ഡിയോ കോഡിൽ ഇങ്ങനെ ചെയ്തിട്ടുണ്ട് .

ഇത്തരം എക്സിക്യൂട്ടബിളുകൾ പ്രകാശനം ചെയ്ത സോഴ്സിനു പൂർണമായും യോജിക്കുന്നതാണെങ്കിൽ, അവ ഓപ്പൺ സോഴ്സ് ആയി കണക്കാക്കാം പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആകില്ല. എന്നിരുന്നാലും, ആ സന്ദർഭത്തിൽ സോഴ്സ് കോ‍ഡ് കംപൈൽ ചെയ്തു് സ്വതന്ത്ര എക്സിക്യൂട്ടബിളുകൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും ഉപയോക്താക്കൾക്കു് കഴിയും.

അവസാനത്തേതും, ഫലത്തിൽ കൂടുതൽ പ്രാധാന്യമുള്ളതും, പല ഉല്പന്നങ്ങളുടെയും എക്സിക്യൂട്ടബിൾ പ്രോഗ്രാമുകളിൽ വ്യത്യസ്തമായ മറ്റേതെങ്കിലും എക്സിക്യൂട്ടബിൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും ഉപയോക്താവിനെ തടയുന്നതിനായി കമ്പ്യൂട്ടറിൻ്റെ പരിശോധന ഒപ്പുകൾ ഉണ്ടു്; വിശേഷാധികാരമുള്ള ഒരേ ഒരു കമ്പനിയ്ക്കു മാത്രമേ ഒരു ഉപകരണത്തിൽ ഉപയോഗിക്കാവുന്ന എക്സിക്യൂട്ടബിളുകൾ ഉണ്ടാക്കുവാനോ അല്ലെങ്കിൽ അതിൻ്റെ എല്ലാ സവിശേഷതകളോടും കൂടി ഉപയോഗിക്കുവാനോ കഴിയുകയുള്ളു. ഇത്തരം ഉപകരണങ്ങളെ ഞങ്ങൾ “സ്വേച്ഛാധിപതികൾ (tyrants)” എന്നും, ഈ പ്രവർത്തനത്തെ ആദ്യമായി ഞങ്ങൾ ഇതു കണ്ട ഉല്പന്നത്തെ (Tivo) ഓർമിപ്പിക്കുന്ന “ടിവോയൈസേഷൻ” എന്നും വിളിക്കുന്നു. എക്സിക്യൂട്ടബിളുകൾ ഉണ്ടാക്കിയിരിക്കുന്നതു് സ്വതന്ത്ര സോഴ്സ് കോഡുകളിൽ നിന്നും ആണെങ്കിലും, മാത്രമല്ല പേരിനുമാത്രമായി ഒരു സ്വതന്ത്ര സമ്മതപത്രം ഉള്ളതാണെങ്കിൽ പോലും ഉപയോക്താക്കൾക്കു് ഇതിൻ്റെ മെച്ചപ്പെടുത്തിയ പതിപ്പു് ഉപയോഗിക്കുവാൻ കഴിയില്ല, അതുകൊണ്ടു് ആ എക്സിക്യൂട്ടബിൾ സ്വതന്ത്രമല്ലാത്തതാണു്.

സോഴ്സ് കോഡ് ഗ്നു പൊതുസമ്മതപത്രം 2-ആം പതിപ്പിനു കീഴിൽ ആണെങ്കിൽ പോലും, പല ആൻഡ്രോയ്ഡ് ഉല്പന്നങ്ങളും ലിനക്സിൻ്റെ സ്വതന്ത്രമല്ലാത്ത ടിവോയൈസ്ഡ് എക്സിക്യൂട്ടബിളുകൾ അടങ്ങിയതാണു്. ഈ ചെയ്തി തടയുന്ന തരത്തിൽ ഗ്നു പൊതുസമ്മതപത്രം 3-ആം പതിപ്പു് ഞങ്ങൾ രൂപകല്പന ചെയ്തിരിയ്ക്കുന്നു.

ഓപ്പൺ സോഴ്സിന്റെ മാനദണ്ഡങ്ങൾ സോഴ്സ് കോഡിന്റെ സമ്മതപത്രത്തിൽ മാത്രമേ താത്പര്യം പ്രകടിപ്പിയ്ക്കുന്നുള്ളു. അതായതു്, ഇത്തരം മെച്ചപ്പെടുത്താൻ കഴിയാത്ത എക്സിക്യൂട്ടബിളുകൾ, ലിനക്സ് പോലുള്ള ഓപ്പൺ സോഴ്സും സ്വതന്ത്രവുമായ സോഴ്സ് കോഡിൽ നിന്നും ഉണ്ടാക്കുമ്പോൾ, അവയെല്ലാം ഓപ്പൺ സോഴ്സ് ആണു് പക്ഷേ സ്വതന്ത്രമല്ല.

“ഫ്രീ സോഫ്റ്റ്‌വെയര്‍”, “ഓപ്പണ്‍ സോഴ്സ്” എന്നതിലെ തെറ്റിദ്ധാരണകള്‍

“ഫ്രീ സോഫ്റ്റ്‌വെയര്‍” എന്ന പദത്തെ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടാം എന്നൊരു പ്രശ്നമുണ്ടു്. “പൂജ്യം വിലയ്ക്കു ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്ന ഉദ്ദേശിക്കാത്ത അര്‍ത്ഥവും, “ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്നുദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ചിനെ പറ്റി ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍ ഉപയോഗിച്ചും ആണു് ആ പ്രശ്നത്തെ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ പരിഹാരമല്ല; പ്രശ്നത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം വരുത്താത്ത കൃത്യമായ ഒരു പദം ഉപയോഗിയ്ക്കുന്നതു് എന്തുകൊ​ണ്ടും നല്ലതാണു്, അതുകൊണ്ടു് വേറെ പ്രശ്നമൊന്നുമില്ലെങ്കില്‍.

നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷിലുള്ള മറ്റെല്ലാ പദങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടു്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച മറ്റു് പല പേരുകളും ഞങ്ങള്‍ പരിഗണിയ്ക്കുകയുണ്ടായി, പക്ഷെ അവയ്ക്കൊന്നും പേരുമാറ്റാന്‍ മാത്രമുള്ള കൃത്യതയുണ്ടായിരുന്നില്ല. (ഉദാഹരണത്തിനു്, ചില സന്ദര്‍ഭങ്ങളില്‍ ഫ്രഞ്ച്, സ്പാനീഷ് പദമായ “ലിബൃ (libre)” നന്നായി ഇണങ്ങും, പക്ഷെ ഇന്ത്യയിലുള്ളവര്‍ക്കു് ആ പദം മനസ്സിലാവില്ല) “ഫ്രീ സോഫ്റ്റ്‌വെയര്‍” ​​എന്നതിനു് പകരം നിര്‍ദ്ദേശിച്ച എല്ലാ വാക്കുകള്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു—അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്നതും ഉള്‍ക്കൊള്ളുന്നു.

“ഓപ്പണ്‍ സോഴ്സ്” സോഫ്റ്റ്‌വെയര്‍ എന്നതിന്റെ ആധികാരിക നിര്‍വചനം (ഓപ്പണ്‍ സോഴ്സ് ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ചതു് ഇവിടെ ചേര്‍ക്കാന്‍ പറ്റുന്നതിലും വലുതാണ്) സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ കൊടുത്ത നിബന്ധനകളില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്. പക്ഷെ അതു് രണ്ടും ഒന്നല്ല. ഓപ്പണ്‍ സോഴ്സിന്റെ നിര്‍വചനം ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നു. എന്നിരുന്നാലും പ്രായോഗിക തലത്തില്‍ രണ്ടും ഏതാണ്ടു് ഒരുപോലെയാണു്.

എങ്കിലും, “നിങ്ങള്‍ക്കു് സോഴ്സ് കോഡ് വായിക്കാം” എന്നാ​ണു് “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍” എന്ന പദത്തിന്റെ ഒറ്റ നോട്ടത്തിലുള്ള വിശദീകരണം. കൂറേയേറെ പേര്‍ അങ്ങിനെ വിചാരിയ്ക്കാനും സാധ്യതയുണ്ടു്. പക്ഷെ ആ നിബന്ധന, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയോ ഓപ്പണ്‍ സോഴ്സിന്റേയോ ആധികാരിക വിശദീകരണത്തെ അപേക്ഷിച്ചു് വളരെ ശോഷിച്ചതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രോഗ്രാമുകളും ആ നിബന്ധനയില്‍ പെടും.

“ഓപ്പണ്‍ സോഴ്സ്” എന്ന പദത്തിനു് ഒറ്റ നോട്ടത്തിലുള്ള അര്‍ത്ഥം അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല. അതുകൊണ്ടു്, കൂടുതലാളുകളും തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ടു്. എഴുത്തുകാരനായ നീല്‍ സ്റ്റെഫെന്‍സണ്‍ (Neal Stephenson) “ഓപ്പണ്‍ സോഴ്സിനെ” നിര്‍വചിച്ചതു് ഇങ്ങനെ: “ലിനക്സ് ‘ഓപ്പണ്‍ സോഴ്സ്’ ആണു്, ലളിതമായി പറഞ്ഞാല്‍, ആര്‍ക്കുവേണമെങ്കിലും അതിന്റെ സോഴ്സ് കോഡിന്റെ പകര്‍പ്പു് ലഭിയ്ക്കും.” “ആധികാരിക” നിര്‍വചനം നിഷേധിയ്ക്കാനും അതുമായി തര്‍ക്കിയ്ക്കാനും ഒന്നും അദ്ദേഹത്തിനു് ഉദ്ദേശമുണ്ടു് എന്നെനിയ്ക്കുതോന്നുന്നില്ല. ഇംഗ്ലീഷ് ഭാഷാപരമായിട്ടുള്ള ലളിതമായ അര്‍ത്ഥമാണു് അദ്ദേഹം പറഞ്ഞതു്. കന്‍സാസ് (Kansas)സംസ്ഥാനം അതുപോലെ ഒരു നിര്‍വചനം കൊടുത്തു: “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ് എങ്ങിനെ ഉപയോഗിയ്ക്കണമെന്നതിനുള്ള നിഷ്കര്‍ഷതകള്‍ സമ്മതപത്രങ്ങൾക്കനുസരിച്ചു് വ്യത്യാസപ്പെടാമെങ്കിലും സൌജന്യമായി പൊതുജനത്തിനു് ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്.”

ന്യൂയോര്‍ക്കു് ടൈംസില്‍ വന്ന ഒരു ലേഖനം ഈ പദത്തിന്റെ അര്‍ത്ഥം വളച്ചൊടിയ്ക്കുന്നതായിരുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ ദശാബ്ദങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന യൂസര്‍ ബീറ്റ ടെസ്റ്റിങ്ങിനെ –പ്രോഗ്രാമിന്റെ മുന്‍കൂട്ടിയുള്ള ഒരു പതിപ്പു് ഉപയോഗിയ്ക്കാനും സ്വകാര്യമായി അഭിപ്രായം പകടിപ്പിക്കാനും കുറച്ചു് ഉപയോക്താക്കളെ അനുവദിയ്ക്കുക– പരാമര്‍ശ്ശിക്കാനാണു്, ഈ പദം അതില്‍ ഉപയോഗിക്കുന്നതു്.

പേറ്റൻ്റ് ഇല്ലാതെ പ്രസിദ്ധീകരിച്ച സാമഗ്രികളുടെ ഡിസൈനുകൾ ഉൾപെടുത്താനായി ഈ പദം വീണ്ടും വലിച്ചുനീട്ടിയിട്ടുണ്ട്. പേറ്റൻ്റില്ലാത്ത സാമഗ്രികളുടെ ഡിസൈനുകൾ സമൂഹത്തിന് പ്രശംസനീയമായ സംഭാവനകൾ ആകാവുന്നതാണു്, പക്ഷേ “സോഴ്സ് കോഡ്” എന്ന പദം അവയോട് യോജിക്കുന്നില്ല.

ഈ പ്രശ്നം നേരിടാന്‍, ഓപ്പണ്‍ സോഴ്സിന്റെ ആധികാരിക നിര്‍വചനത്തിലേയ്ക്കു് വിരല്‍ചൂണ്ടുക എന്ന മാര്‍ഗ്ഗമാണു് അതിന്റെ പ്രവര്‍ത്തകര്‍ ചെയ്തതു്. എന്നാൽ അത്തരം തിരുത്തല്‍ സമീപനം അത്ര ഫലവത്തല്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന പദത്തിനു് പ്രകൃത്യാ രണ്ടു് അര്‍ത്ഥം വരാം, അതിലൊന്നു്, നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥമാണു്, അതായതു് ഫ്രീ സ്പീച്ചാണു് (സ്വതന്ത്ര ഭാഷണം) ഫ്രീ ബിയറല്ല (സൌജന്യ ഭക്ഷണം) എന്നു് മനസ്സിലായ ഒരാള്‍ക്കു് പിന്നെ തെറ്റില്ല. പക്ഷെ “ഓപ്പണ്‍ സോഴ്സ്” എന്ന പദത്തിനു് പ്രകൃത്യാ ഒറ്റ അര്‍ത്ഥമേയുള്ളു. അതു് അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കാത്തതാണു്. അതായതു് ഓപ്പണ്‍ സോഴ്സ് എന്നതിന്റെ ആധികാരിക നിര്‍വചനത്തെ വിശദീകരിയ്ക്കാന്‍ സംക്ഷിപ്തമായ ഒരു രൂപമില്ല. അതു് കൂടുതല്‍ ആശയകുഴപ്പത്തിലേയ്ക്കു് നയിക്കുന്നു.

“ഓപ്പണ്‍ സോഴ്സ്” എന്നാല്‍ “ഗ്നു പൊതു സമ്മതപത്രം ഉപയോഗിയ്ക്കാത്തത്” എന്നതാണു് മറ്റൊരു തെറ്റിദ്ധാരണ. “ഫ്രീ സോഫ്റ്റ്‌വെയര്‍” എന്നാല്‍ “ഗ്നു സമ്മതപത്രം ഉപയോഗിയ്ക്കുന്നത്” എന്ന തെറ്റിദ്ധാരണയുടെ തുടര്‍ച്ചയാണതു്. ഇവ രണ്ടും അബദ്ധമാണു്. ഗ്നു പൊതു സമ്മതപത്രം ഓപ്പണ്‍ സോഴ്സ് അംഗീകരിച്ച സമ്മതപത്രങ്ങളില്‍ ഒന്നാണെന്നതു തന്നെ കാരണം. കൂടാതെ മിക്ക ഓപ്പണ്‍ സോഴ്സ് സമ്മതപത്രങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളാണു്. ഗ്നു പൊതു സമ്മതപത്രം അല്ലാതെ ധാരാളം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളുണ്ട്.

“ഓപ്പണ്‍ സോഴസ്” എന്ന പദം, മറ്റു പല പ്രവര്‍ത്തനങ്ങളിലും ചേര്‍ത്ത് അതിന്റെ അര്‍ത്ഥം കൂടുതല്‍ വലിച്ചുനീട്ടിയിട്ടുണ്ടു്. ഗവണ്‍മെന്റ്, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സോഴ്സ് കോഡ് എന്നൊന്നില്ല, മാത്രമല്ല സോഫ്റ്റ്‌വെയര്‍ അനുമതിയുടെ നിഷ്കര്‍ഷതകള്‍ അവിടെ പ്രസക്തവുമല്ല. ഇത്തരം പ്രവൃത്തികളില്‍ പൊതുവായ കാര്യം, അവയെല്ലാം ഏതെങ്കിലും രീതിയില്‍ ആളുകളുടെ പങ്കാളിത്തം ക്ഷണിക്കുന്നു എന്നുമാത്രമാണു്. അവര്‍ ആ പദം വല്ലാതെ വളച്ചൊടിച്ചു് “പങ്കാളിത്തം” അല്ലെങ്കിൽ “സുതാര്യമായ”, അല്ലെങ്കിൽ അതിലും കുറഞ്ഞ അര്‍ത്ഥം മാത്രമാക്കി. ഏറ്റവും മോശം, ഇതൊരു വിചാരഹീനമായ വെറും ഫാഷൻ പദമായി മാറിയിട്ടുണ്ട് എന്നതാണു്.

വ്യത്യസ്തമൂല്യങ്ങള്‍ ഒരേ നിഗമനങ്ങളിലേയ്ക്കു് നയിയ്ക്കാം… എല്ലായിപ്പോഴുമില്ലെന്നു് മാത്രം

1960-കളിലെ റാഡിക്കൽ സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു് പേരുകേട്ടതായിരുന്നു: നയങ്ങളിലെ വിശദാംശങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില സംഘടനകള്‍ തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും അവര്‍ പരസ്പരം ശത്രുക്കളായി കരുതി. വലതു പക്ഷമാണു് ഇതില്‍ കൂടുതലും സൃഷ്ടിച്ചതു്, കൂടാതെ ഇടതു പക്ഷക്കാരെ മുഴുവനായി കുറ്റപ്പെടുത്താനായി ഇതിനെ ഉപയോഗിയ്ക്കുകയും ചെയ്തു.

ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഇത്തരം റാഡിക്കൽ സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കത് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു് – സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ‍ഡവലപ്മെന്റ് പോലുള്ള കാര്യങ്ങളില്‍.

അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്റ് പോലുള്ള പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും അടിസ്ഥാനപരമായി വ്യത്യസ്തമായ ഈ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.

ഉപയോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രോഗ്രാമുകൾ ഉണ്ടാക്കാറുണ്ടു്, അവ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും വളരെ വ്യത്യസ്തമായായിരിക്കും പ്രതികരിയ്ക്കുക.

സ്വാതന്ത്ര്യത്തിന്റെ ആശയത്തില്‍ വിശ്വസിയ്ക്കാത്ത ഒരു പൂര്‍ണ്ണ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ ആയിരിയ്ക്കും: “ഞങ്ങളുടെ വികസന മാതൃക ഉപയോഗിയ്ക്കാതെ തന്നെ നന്നായി പ്രവര്‍ത്തിയ്ക്കുന്ന പ്രോഗ്രാം നിങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതില്‍ എനിയ്ക്കു് അത്ഭുതമുണ്ടു്, എനിക്കതിന്റെ ഒരു പകര്‍പ്പു് എങ്ങിനെ കിട്ടും?” ഈ നിലപാടു്, നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയാനായി ശ്രമിയ്ക്കുന്ന പദ്ധതികള്‍ക്കു് പ്രചോദനമാകും, അതു് സ്വാതന്ത്ര്യത്തിന്റെ നഷ്ടത്തിലേയ്ക്കും വഴിവെയ്ക്കും.

അതെ സമയം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകന്‍ പറയുക: “നിങ്ങളുടെ പ്രോഗ്രാം വളരെ ആകര്‍ഷണീയമാണു്, പക്ഷെ ഞാനെന്റെ സ്വാതന്ത്ര്യത്തെ കൂടുതൽ വില മതിയ്ക്കുന്നു. അതുകൊണ്ടു് ഞാൻ നിങ്ങളുടെ പ്രോഗ്രാം നിരസിക്കുന്നു. പകരം അതിനൊരു സ്വതന്ത്രമായ പകരക്കാരനെ നിര്‍മ്മിയ്ക്കാനുള്ള സംരംഭത്തെ സഹായിയ്ക്കാന്‍ ഞാന്‍ തയ്യാറാണു്” എന്നാണു്. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ മാനിയ്ക്കുന്നുണ്ടെങ്കില്‍, അതു് നിലനിര്‍ത്താനും പ്രതിരോധിയ്ക്കാനുമായി നമുക്കു് പ്രവര്‍ത്തിയ്ക്കാം.

ശക്തവും, വിശ്വസ്തവും ആയ സോഫ്റ്റ്‌വെയറും ദുഷിച്ചതാകാം

സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താവിനെ സേവിയ്ക്കാനായാണു് നിര്‍മ്മിച്ചതു് എന്ന ധാരണയിലാണു് അതു് ശക്തവും വിശ്വസ്തവും ആകണം എന്നു് അവര്‍ ആഗ്രഹിയ്ക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള സേവനം അതു് ലഭ്യമാക്കുന്നു.

പക്ഷെ ഒരു സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുമ്പോള്‍ മാത്രമേ അതു് ഉപയോക്താക്കളെ സേവിയ്ക്കുകയാണെന്നു് പറയാന്‍ കഴിയു. ഉപയോക്താക്കളെ ചങ്ങലയ്ക്കിടാനായാണു് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതെങ്കിലോ? അപ്പോള്‍ കൂടുതല്‍ ശക്തമായ സോഫ്റ്റ്‌വെയര്‍ എന്നാല്‍ അതിന്റെ ചങ്ങലകള്‍ കൂടുതല്‍ ഞെരുക്കുന്നതാണെന്നും, വിശ്വസ്തം എന്നാല്‍ അതു് ഒഴിവാക്കാന്‍ കൂടുതല്‍ പ്രയാസമാണു് എന്നുമാണു്. ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി ചെയ്യുക, അവരെ നിയന്ത്രിയ്ക്കുക, പിന്‍വാതിലുകള്‍ ചേര്‍ക്കുക, നിര്‍ബന്ധിത നവീകരണം നടത്തുക തുടങ്ങിയ ദുഷ്ടലാക്കോടെയുള്ള ഘടകങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറില്‍ സാധാരണമാണു്, കൂടാതെ ചില ഓപ്പണ്‍സോഴ്സ് പ്രവര്‍ത്തകര്‍ക്കു്, ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമുകളില്‍ ഇവ ചേര്‍ക്കണമെന്ന ആഗ്രഹവുമുണ്ടു്.

സിനിമാ, ശബ്ദരേഖാ വ്യവസായങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ കൂടുതല്‍ വിലക്കുന്ന രീതിയിലാണു് സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു്. ഈ ദുഷിച്ച ഘടകങ്ങളെ പൊതുവില്‍ പറയുന്നതു് ഡിജിറ്റല്‍ നിയന്ത്രണ നിര്‍വഹണം എന്നാണു് (Digital Restrictions Management [DRM] - DefectiveByDesign.org എന്ന താൾ നോക്കുക) ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യത്തിനു് നേരെ വിപരീതമായ ആശയത്തോടെയുള്ളതാണു്. ആശയം മാത്രമല്ല: DRM-ന്റെ ലക്ഷ്യം തന്നെ, നിങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കുക എന്നതായതു കൊണ്ടു്, DRM നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ മാറ്റുക എന്നതു് പ്രയാസകരമോ, അസാധ്യമോ, അല്ലെങ്കില്‍ നിയമവിരുദ്ധമോ ആയ രീതിയിലാണു് അതിന്റെ നിര്‍മ്മാതാക്കള്‍ അതുണ്ടാക്കുന്നതു്.

എന്നിട്ടും ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ “ഓപ്പണ്‍ സോഴ്സ് DRM” മുന്നോട്ടു് വയ്ക്കുന്നു. നിഗൂഢവത്കരിച്ച മാധ്യമങ്ങളെ (encrypted media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ കോഡ് ഇവര്‍ പ്രസിദ്ധീകരിയ്ക്കുന്നു. അതു് തിരുത്താന്‍ മറ്റുള്ളവരെ അനുവദിയ്ക്കുന്നതുവഴി നിങ്ങളെത്തന്നെ നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവുമാകുന്നു. പിന്നീടു് ആ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ അനുവദിയ്ക്കാത്ത ഉപകരണങ്ങളിലായി അതു് നിങ്ങളുടെ പക്കല്‍ തന്നെ എത്തുന്നു.

ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ സോഴ്സായിരിയ്ക്കാം, ഓപ്പണ്‍ സോഴ്സിന്റെ നിര്‍മ്മാണ മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. എന്നാൽ ഇതു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിയ്ക്കുന്നില്ലഎന്നതുകൊണ്ടു് ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക ഇതിനെ കൂടുതല്‍ ശക്തമായും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു എങ്കില്‍ അതു് ഇതിനെ കൂടുതൽ വഷളാക്കുന്നു.

സ്വാതന്ത്ര്യത്തോടുള്ള പേടി

“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” ധാർമ്മികയ ആശയങ്ങള്‍ ചിലരുടെ സമാധാനം കെടുത്തുന്നു എന്നതാണു് ഓപ്പണ്‍ സോഴ്സ് കൂട്ടം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നിന്നും വിട്ടു പോകാനുള്ള മുഖ്യകാരണം. അതുശരിയാണു്: സ്വാതന്ത്ര്യത്തെ കുറിച്ചും, ധാർമ്മികതയെപറ്റിയും, ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും ഒക്കെ പറയുമ്പോള്‍ അവര്‍ അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു് കടന്നേക്കാം-അവരുടെ നടപടികള്‍ ധാർമ്മികമായതാണോയെന്നും മറ്റും. അതു് അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ ഭാഗത്തേയ്ക്കുെങ്ങും ചിന്തിയ്ക്കാന്‍ തന്നെ തയ്യാറാവില്ല. അതുകൊണ്ടൊന്നും നമ്മള്‍ ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.

എന്തായാലും “ഓപ്പണ്‍സോഴ്സിന്റെ” നേതാക്കള്‍ അങ്ങിനെയാണു് നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും ധാർമ്മികതയെ പറ്റിയും ഒന്നും പറയാതെ, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി മാത്രം സംസാരിച്ചും, ചില ഉപയോക്താക്കള്‍ക്കു്, കൂടുതല്‍ ഫലപ്രദമായി സോഫ്റ്റ്‌വെയറുകള്‍ “വില്‍ക്കാം” എന്നവര്‍ ക​ണ്ടെത്തി; പ്രത്യേകിച്ചും വ്യവസായങ്ങള്‍ക്കു്.

ഓപ്പൺ സോഴ്സിനെ അനുകൂലിയ്ക്കുന്നവർ എന്തിനെക്കുറിച്ചെങ്കിലും അതിനേക്കാൾ ആഴത്തിൽ സംസാരിയ്ക്കുന്നുണ്ടെങ്കിൽ, അതു് സാധാരണയായി മനുഷ്യരാശിയ്ക്കു് സോഴ്സ് കോഡ് ഒരു “സമ്മാനം” ആയി നല്കുക എന്ന ആശയം ആണു്. എന്താണോ ധാർമ്മികമായി ആവശ്യപ്പെടുന്നതു് അതിനു് അതീതമായി ഇതിനെ ഒരു സവിശേഷ പ്രവൃത്തിയായി അവതരിപ്പിക്കുന്നതു്, കുത്തക സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് ഇല്ലാതെ വിതരണം നടത്തുന്നതു് ധാർമ്മികമായി ന്യായാനുസൃതമാണെന്ന ധാരണയിലാണു്.

അതിന്റേതായ കാരണങ്ങളില്‍ ആ സമീപനം ഫലപ്രദമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രസംഗപാടവം പല വ്യവസായത്തേയും വ്യക്തികളേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും, കൂടാതെ നിര്‍മ്മിയ്ക്കാനും വരെ കാരണമായിട്ടുണ്ടു്. അതു് നമ്മുടെ സമൂഹത്തെ വലുതാക്കിയിട്ടുണ്ടു് – പക്ഷെ അതു് ഉപരിപ്ലവവും പ്രായോഗികതലത്തില്‍ മാത്രമുള്ളതുമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രായോഗിക മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന തത്വശാസ്ത്രം, അതിനേക്കാള്‍ ആഴത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം മനസ്സിലാക്കുന്നതു് തടയുന്നു. അതു് നമ്മുടെ സമൂഹത്തിലേയ്ക്കു് കുറേയേറെ പേരെ കൊണ്ടുവരുന്നു പക്ഷെ അവരെ പ്രതിരോധിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നില്ല. അതു പോകുന്നിടത്തോളം നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യം സുരക്ഷിതമാക്കാന്‍ പര്യാപ്തമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് ആള്‍ക്കാരെ ആകര്‍ഷിയ്ക്കുക എന്നതു്, അവരെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ പോരാളിയാവുകയെന്നതിന്റെ പാതിവഴി വരെയേ ​എത്തിയ്ക്കുന്നുള്ളു.

താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാര​ണം ഇതേ ഉപയോക്താക്കളെ, കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനായി ക്ഷണിച്ചുവെന്നു വരാം. ധാരാളം വ്യവസായങ്ങള്‍ അങ്ങനെ ഒരു പ്രലോഭനത്തിനു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്നുണ്ടു്. ചിലര്‍ സൌജന്യ പകര്‍പ്പുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ എന്തിനതു് വേണ്ടെന്നു വെയ്ക്കണം? സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നല്കുന്ന സ്വാതന്ത്ര്യത്തെ മാനിയ്ക്കാന്‍ അവര്‍ പഠിച്ചെങ്കില്‍ മാത്രം, സാങ്കേതികമോ പ്രായോഗികമോ ആയ സൌകര്യങ്ങള്‍ക്കുപരി സ്വാതന്ത്ര്യത്തെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുമ്പോള്‍ മാത്രം. ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ നമ്മള്‍ സ്വതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കണം. വ്യവസായങ്ങളോടു് ഒരു പരിധിവരെയുള്ള “നിശബ്ദമായ ” സമീപനം, സമൂഹത്തിനു് നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍ വിപുലമാകുന്നതു് അപകടകരമാണു്.

ആ ആപത്ഘട്ടമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും, പ്രത്യേകിച്ചു് വിതരണക്കാര്‍, സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ– മിക്കുപ്പോഴും, “വ്യവസായങ്ങള്‍ക്കു് കൂടുതല്‍ സ്വീകാര്യമാവന്‍ ” വേണ്ടിയാണു്. ഏതാ​ണ്ടു് എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും, അടിസ്ഥാന സ്വതന്ത്ര സംവിധാനത്തിനു് പുറമെ കുത്തക സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും ചേര്‍ക്കുന്നു. കൂടാതെ അതൊരു പ്രത്യേകതയായി കാണാനാണവര്‍ ഉപയോക്താക്കളോടു് പറയുന്നതു്, അല്ലാതെ ഒരു വീഴ്ചയായിട്ടല്ല.

ഈ കൂട്ടായ്മയില്‍ അധികവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാഞ്ഞതുകൊണ്ടു്, സോഫ്റ്റ്‌വെയറുകളുടെ കുത്തക അനുബന്ധങ്ങളും ഭാഗികമായി സ്വതന്ത്രമല്ലാത്ത ഗ്നു/ ലിനക്സ് വിതരണങ്ങളും അവിടെ നല്ല വിളനിലം കണ്ടു. ഇതു് യാദൃശ്ചികമല്ല. കൂടുതല്‍ ഗ്നു/ലിനക്സ് ഉപയോക്താക്കളുടേയും മുമ്പില്‍ അവതരിപ്പിയ്ക്കപ്പെട്ടതു് സ്വാതന്ത്ര്യം ഒരു ലക്ഷ്യമായി കല്പിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ്” ചര്‍ച്ചകളാണു്. സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിയ്ക്കാത്ത ചെയ്തികളും സ്വാതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കാത്ത വാക്കുകളും പരസ്പരപൂരകങ്ങളായി അന്യോന്യം സഹായിച്ചു. ഈ പ്രവണതയെ മറികടക്കാന്‍ സ്വാതന്ത്ര്യത്തെ കുറിച്ചു് കുറവല്ല കൂടുതല്‍ ചര്‍ച്ചകളാണു് നമുക്കാവശ്യം.

“ഫ്ളോസ്സും(FLOSS)” “ഫോസ്സും(FOSS)”

“ഫ്ളോസ്സ് (FLOSS)” , “ഫോസ്സ് (FOSS)” എന്നീ പദങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയറിനും ഓപ്പൺ സോഴ്സിനും ഇടയിൽ നിഷ്പക്ഷം ആയിരുന്നു. നിഷ്പക്ഷതയാണു് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, “ഫ്ളോസ്സ് (FLOSS)” ആണു് ഇവ രണ്ടിലും വെച്ചു് മെച്ചപ്പെട്ടതു്, എന്തുകൊണ്ടെന്നാൽ ഇതു് ശരിക്കും നിഷ്പക്ഷമാണു്. പക്ഷേ നിങ്ങൾക്കു് സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളേണ്ടതെങ്കിൽ, നിഷ്പക്ഷമായ ഒരു വാക്കു് ഉപയോഗിയ്ക്കുന്നതല്ല അതിനുള്ള മാർഗം. സ്വാതന്ത്ര്യത്തോടുള്ള നിങ്ങളുടെ പിൻതുണ ജനങ്ങളെ കാണിക്കേണ്ടതു് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നതിലുള്ള അനിവാര്യതയാണു്.

ഉപയോക്തൃശ്രദ്ധയ്ക്കു വേണ്ടിയുള്ള പോരുകാർ

“സ്വതന്ത്ര” വും “ഓപ്പൺ” -ഉം ഉപയോക്തൃശ്രദ്ധയ്ക്കു വേണ്ടിയുള്ള പോരുകാരാണു്. “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” -ഉം “ഓപ്പൺ സോഴ്സ്” -ഉം വ്യത്യസ്ത ആശയങ്ങളാണു് പക്ഷേ, ഭൂരിഭാഗം ആളുകളും സോഫ്റ്റ്‌വെയറിനെ കാണുന്ന രീതിയിൽ, ആശയപരമായി ഒരേ ഇടത്തിനുവേണ്ടി അവർ മത്സരിക്കുന്നു. “ഓപ്പൺ സോഴ്സ്” എന്ന പദം പറയുന്നതും ചിന്തിക്കുന്നതും ആളുകൾക്കു് ശീലമായി കഴിഞ്ഞാൽ, അതു് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളെ മനസ്സിലാക്കുന്നതിനും അതിനെ കുറിച്ചു് ചിന്തിക്കുന്നതിനും ഒരു തടസ്സമാണു്. അവരെങ്ങാനും ഞങ്ങളുമായി ചേർന്നു് പ്രവർത്തിക്കുവാനോ ഞങ്ങളുടെ സോഫ്റ്റ്‌വെയറിൻ്റെ കൂടെ “ഓപ്പൺ” എന്ന വാക്കു ചേർക്കുവാനോ വന്നിരുന്നെങ്കിൽ, ഞങ്ങൾ മറ്റു് എന്തിനോ വേണ്ടി നിലകൊള്ളുന്നവരാണെന്നു് അവർ തിരിച്ചറിയുന്നതിനു മുമ്പു് ബൗെദ്ധികമായി അവരെ ഞെട്ടിപ്പിക്കേണ്ടി വരുമായിരുന്നു. “ഓപ്പൺ” എന്ന വാക്കു് പ്രചരിപ്പിക്കുന്ന ഏതു പ്രവർത്തനവും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ ഒളിപ്പിക്കുന്ന തിരശ്ശീലയെ വ്യാപിപ്പിക്കുവാൻ തുനിയുന്നതാണു്.

അതുകൊണ്ടു്, “ഓപ്പൺ” എന്നു് സ്വയം വിളിയ്ക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രവൃത്തിക്കുന്നതിനെ നിഷേധിയ്ക്കണമെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരോടു് ദൃഢമായി അനുശാസിയ്ക്കുന്നു. പ്രവർത്തനത്തിൻ്റെ അകമോ അതുതന്നെയോ നല്ലതാണെങ്കിലും, നിങ്ങൾ ചെയ്യുന്ന ഓരോ സംഭാവനയും ഒപ്പൺ സോഴ്സ് എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ടു് മറ്റൊരു വശത്തു് ഒരു ചെറിയ കേടു വരുത്തുന്നു. “സ്വതന്ത്രം” അല്ലെങ്കിൽ “ലിബൃ (libre)” എന്നു പേരുള്ള മറ്റു ധാരാളം നല്ല പ്രവർത്തനങ്ങൾ ഉണ്ടു്. ആ പ്രൊജക്ടുകളിൽ ചെയ്യുന്ന ഓരോ സംഭാവനയും ഒരു വശത്തു് ഒരല്പം നന്മ ചെയ്യുന്നതാണു്. ധാരാളം ഉപകാരപ്രദമായ പ്രൊജക്ടുകൾ ഉള്ളതിൽ, കൂടുതൽ നന്മ ചെയ്യുന്ന ഒന്നു് തെരഞ്ഞെടുത്തുകൂടെ?

ഉപസംഹാരം

ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൂടുതല്‍ പുതിയ ഉപയോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയതായി വരുന്നവരുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചുമതല ഏറ്റെടുക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു നിങ്ങള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു!” എന്നു് എന്നത്തേക്കാളും ഉച്ചത്തില്‍ നാം പറയ​ണം. “ഓപ്പണ്‍ സോഴ്സ്” എന്നതിനു പകരം “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്നു പറയുന്ന ഓരോ പ്രാവശ്യവും നിങ്ങള്‍ നമ്മുടെ സമരത്തെ സഹായിക്കുന്നു.

അടിക്കുറിപ്പു്

ലഘാനി (Lakhani)-യുടേയും വൂള്‍ഫ്(Wolf)-ന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ പ്രചോദനത്തെ പറ്റിയുള്ള പ്രബന്ധം പറയുന്നതു് ഗണ്യമായ ഒരു വിഭാഗം സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണമെന്ന ആശയത്തില്‍ നിന്നു് പ്രചോദനമുള്‍കൊണ്ടവരാണു് എന്നാണു്, അതും അവര്‍ നിരീക്ഷിച്ചതു്, നൈതികമായ കാഴ്ചപ്പാടിനെ പിന്‍താങ്ങാത്ത സോഴ്സ്ഫോര്‍ജ് എന്ന സൈറ്റിലെ പ്രവര്‍ത്തകരേയാണുതാനും.