ഈ പരിഭാഷയിൽ, 2021-11-02 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍

പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു പ്രവര്‍ത്തക സംവിധാനമാണു് ഗ്നു. GNU എന്നാല്‍ “GNU's Not Unix”. 1983 സെപ്റ്റമ്പറില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തി.1985 സെപ്റ്റമ്പറില്‍ കുറച്ചു് കൂടി വിപുലീകരിച്ച ഗ്നു തത്ത്വസംഹിത പുറത്തുവന്നു.മറ്റു പല ഭാഷകളിലേയ്ക്കും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് “ഗ്നു” എന്ന പേരു് തിരഞ്ഞെടുത്തതു്. ആദ്യം അതിനു് “GNU's Not Unix”(GNU) എന്ന വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ ഉച്ചാരണത്തില്‍ ഒരു സൌന്ദര്യമുണ്ടു്

“ഫ്രീ സോഫ്റ്റ്‌വെയര്‍”-ലെ “ഫ്രീ” എന്ന പദം വിലയെ അല്ല സ്വാതന്ത്ര്യത്തേയാണ് സൂചിപ്പിയ്ക്കുന്നതു്. ഗ്നു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വില കൊടുത്തോ കൊടുക്കാതെയോ വാങ്ങാം. ഏതു് നിലയ്ക്കായാലും, നിങ്ങളുടെ പക്കല്‍ സ്വതന്ത്രസോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അതുപയോഗിയ്ക്കുന്നതില്‍ മൂന്നു് കൃത്യമായ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടു്. ആ സ്വാതന്ത്ര്യം പകര്‍ത്തി വിതരണം ചെയ്യാനും, ആവശ്യാനുസരണം മാറ്റം വരുത്തുവാനും, സമൂഹത്തിനു് ഉപയോഗപ്രദമായ രീതിയില്‍ പുതുക്കിയ പതിപ്പു് വിതരണം ചെയ്യുവാനും ഉള്ളതാണു്. (നിങ്ങള്‍ക്കു് ലഭിച്ച ഗ്നു സോഫ്റ്റ്‌വെയര്‍ വേറൊരാള്‍ക്കു് വില്‍ക്കാനോ വെറുതെ നല്‍കാനോ നിങ്ങള്‍ക്കവകാശമുണ്ടു്.)

ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് ഗ്നു സംരംഭം. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു സംരംഭം ഉടലെടുത്തതു് — പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.

1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ,എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.

എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും കുത്തകവത്കരിയ്ക്കപ്പെട്ടു. എന്നുവച്ചാല്‍ ഉപഭോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു് ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക് നയിച്ചതു്.

എല്ലാ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു് ;സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.

യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ് ഉപഭോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും ,യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചു.

യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം, കേര്‍ണല്‍ എന്നതിലും വളരെ വലുതാണു്.അതില്‍ കമ്പൈലറുകള്‍, രചന എഴുത്തിടങ്ങള്‍, രചന ചിട്ടപ്പെടുത്തുന്ന പ്രയോഗങ്ങള്‍, കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ ജോലിയാണു്. 1984 ജനുവരിയിലാണു് ഞങ്ങള്‍ തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം സ്വരൂപിയ്ക്കുക ​എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി.

1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു. ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് പൂര്‍ണ്ണമായ ഗ്നുവും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി. ഇന്ന് ഗ്നു/ലിനക്സ് വിതരണങ്ങളിലൂടെ ഗ്നു/ലിനക്സ് സംവിധാനം പത്ത് മില്ല്യണ്‍ ആളുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലിനക്സിന്റെ പ്രമുഖ വെര്‍ഷനില്‍ സ്വതന്ത്രമല്ലാത്ത ഫംവെയറുകളും “ബ്ലോബുകളും” ഉണ്ട്. അതുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ അതിന്റെ പരിഷ്കരിച്ച രൂപമായ ലിനക്സ് - ലിബ്രെ ആണ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്.

എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു സംരംഭം. പൊതുവെ ഉപഭോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറും നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക തന്നെയുണ്ടു്.

കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍ ഞങ്ങളാഗ്രഹിയ്ക്കുന്നു.അതുകൊണ്ടു് തുടക്കക്കാര്‍ക്കു് ഗ്നു ഉപയോഗിയ്ക്കാനായി ഒരു ഗ്രാഫിയ്ക്കല്‍ പണിയിടം (ഗ്നോം എന്ന പേരില്‍) ഞങ്ങള്‍ നിര്‍മ്മിച്ചു.

കളികളും മറ്റു വിനോദങ്ങളും നിര്‍മ്മിയ്ക്കാനും ഞങ്ങള്‍ക്കു് ആഗ്രഹമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ കുറേ കളികള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്.

സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഏതു വരെ പോകാം? പേറ്റന്റ് വ്യവസ്ഥ പോലുള്ള നിയമങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനു മൊത്തമായി വിലങ്ങുതടിയാകുന്നതൊഴിച്ചാല്‍, ഇത് നിസ്സീമം തുടരും. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കു് ആവശ്യമായ എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിയ്ക്കുക എന്നതാണു് പരമമായ ലക്ഷ്യം – അങ്ങിനെ കുത്തക സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടു പോകുന്നതും.