ഈ പരിഭാഷയിൽ, 2022-01-02 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

എന്താണ് പകര്‍പ്പുപേക്ഷ?

ഒരു പ്രോഗ്രാം (മറ്റ് സൃഷ്ടികളും) സ്വതന്ത്രമാക്കാനുള്ള പൊതുവായ വഴിയാണ് പകര്‍പ്പുപേക്ഷ. ഇത് ആ പ്രോഗ്രാമിന്റെ ഭാവിയിലെ പരിഷ്കരിച്ചതോ കൂട്ടിച്ചേര്‍ക്കപ്പെട്ടതോ ആയ എല്ലാ പതിപ്പുകളേയും ഒരേ രീതിയില്‍ സ്വതന്ത്രമാക്കുന്നു.

പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരണമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനുള്ള അവസരം നല്‍കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനും അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി വിതരണം ചെയ്യാനും കഴിയും. അത് ലഭിക്കുന്ന ഉപയോക്താവിന് ആദ്യത്തെ പ്രോഗ്രാമര്‍ എഴുതിയ പ്രോഗ്രാം കാണാനുള്ള അവസരമുണ്ടായിരിക്കുകയില്ല. കാരണം ഇടനിലക്കാരന്‍ ആ സ്വാതന്ത്ര്യം എടുത്തുമാറ്റി.

എല്ലാ ഉപയോക്താക്കള്‍ക്കും ഗ്നൂ സോഫ്റ്റ്‍വെയര്‍ വിതരണം ചെയ്യുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് ഗ്നൂ സംരംഭം കൊണ്ടുള്ള ലക്ഷ്യം. ഇടനിലക്കാര്‍ക്ക് സ്വാതന്ത്യം എടുത്തുമാറ്റാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങള്‍‍ക്ക് ധാരാളം ഉപയോക്താക്കളുണ്ടായിരുന്നേക്കാം പക്ഷേ അത് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കില്ല. അതുകൊണ്ട് ഗ്നൂ സോഫ്റ്റ്‍വെയര്‍ പൊതു മണ്ഡലത്തിലേക്ക് പ്രസിദ്ധപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ അതിനെ “പകര്‍പ്പുപേക്ഷ”യില്‍ ഉള്‍പ്പെടുത്തി. മാറ്റങ്ങള്‍ വരുത്തിയോ അല്ലാതയോ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് വീണ്ടും വിതരണം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കണം എന്നാണ് “പകര്‍പ്പുപേക്ഷ” പറയുന്നത്. ഓരോ ഉപയോക്താവിനും സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് പകര്‍പ്പുപേക്ഷ ഉറപ്പ് നല്‍കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ പകര്‍പ്പുപേക്ഷ മറ്റ് പ്രോഗ്രാമര്‍മാര്‍ക്കും പ്രചോദനം നല്‍കുന്നു. ഗ്നൂ C++ കമ്പൈലര്‍ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ നിലനില്‍ക്കാന്‍ കാരണം തന്നെ ഇതാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള പ്രോഗ്രാമര്‍മാര്‍ക്ക് അതിനുള്ള അനുവാദവും പകര്‍പ്പുപേക്ഷ നല്‍കുന്നു. പണം സമ്പാദിക്കാനായി എന്തും ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളിലോ സര്‍വ്വകലാശാലകളിലോ ജോലി ചെയ്യുന്നവരായിരിക്കും ഇവരില്‍ പലരും. ചിലപ്പോള്‍ ഒരു പ്രോഗ്രാമര്‍ക്ക് താന്‍ വരുത്തിയ തിരുത്ത്/മാറ്റം സമൂഹത്തിനായി സംഭാവന ചെയ്യാന്‍ ആഗ്രഹമുണ്ടായിരിക്കാം, പക്ഷേ അവരുടെ തൊഴില്‍ദാതാവിന് അത് കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനായിരിക്കും ആഗ്രഹം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പതിപ്പ് രൂപമാറ്റം വരുത്തി സ്വാതന്ത്ര്യത്തോടെയല്ലാതെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ തൊഴിലുടമകളോട് വ്യക്തമാക്കുമ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ എടുത്തുകളയുന്നതിനു പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറായി തന്നെ പ്രസിദ്ധീകരിക്കാനാണ് സാധാരണയായി അവര്‍ തീരുമാനിക്കാറുള്ളത്.

ഒരു പ്രോഗ്രാം പകര്‍പ്പുപേക്ഷ ആക്കണമെങ്കില്‍ ആദ്യം അതിനെ പകര്‍പ്പവാകശത്തില്‍ പ്രസിദ്ധീകരിക്കണം; ശേഷം വിതരണ നിബന്ധനകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ആ പ്രോഗ്രാമിന്റെ സോഴ്സ് കോഡിനെ എല്ലാവര്‍ക്കും ഉപയോഗിക്കാനും മാറ്റം വരുത്താനും പുനര്‍വിതരണം ചെയ്യാനും (മാറ്റങ്ങളോടെയും അല്ലാതെയും, വിതരണ നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട്) ഉള്ള നിയമപരമായ അവകാശം നല്‍കുന്നതാണവ. അതായത്, സോഴ്സ് കോഡും സ്വാതന്ത്ര്യവും നിയമപരമായി വേര്‍തിരിക്കാന്‍ പറ്റാത്തതാണ്.

കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ പകര്‍പ്പവകാശം ഉപയോഗിക്കുന്നത് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം അപഹരിക്കാനാണ്. എന്നാല്‍ ഞങ്ങള്‍ പകര്‍പ്പവകാശം ഉപയോഗിക്കുന്നത് അവരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനാണ്. അതിനാലാണ് ഞങ്ങള്‍ പേര് തിരിച്ചിട്ട് “പകര്‍പ്പവകാശ”ത്തെ “പകര്‍പ്പുപേക്ഷ”യാക്കിയത്.

പകര്‍പ്പുപേക്ഷ എന്നത് പകര്‍പ്പവകാശം ഉപയോഗിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. പകര്‍പ്പവകാശം ഉപേക്ഷിക്കണം എന്നല്ല അത് കൊണ്ട് ഉദ്ദേശിക്കുന്നത്; വാസ്തവത്തിൽ പകര്‍പ്പവകാശം ഉപേക്ഷിച്ചാല്‍ പകര്‍പ്പുപേക്ഷ അസാദ്ധ്യമാണ്. “പകര്‍പ്പുപേക്ഷ” യിലെ “ഉപേക്ഷ” എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി വിട്ടുകളയുക എന്നല്ല; പകര്‍പ്പവകാശത്തിന്റെ പ്രതിബിംബ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

പകര്‍പ്പുപേക്ഷ ഒരു പൊതു ആശയമാണ്; പൊതു ആശയങ്ങളെ അതേപടി നമുക്കുപയോഗിക്കാനാവില്ല. ആ ആശയത്തിന്റെ ഒരു നിശ്ചിതമായ നടപ്പിലാക്കല്‍ ഉപയോഗിക്കാനെ കഴിയൂ. ഗ്നൂ സംരംഭത്തില്‍, മിക്ക സോഫ്റ്റ്‌വെയറുകള്‍ക്കും ഞങ്ങളുപയോഗിക്കുന്ന നിര്‍ദ്ദിഷ്‌ടമായ വിതരണ വ്യവസ്ഥകള്‍ ഗ്നൂ ജനറല്‍ പബ്ലിക് ലൈസന്‍സില്‍ അടങ്ങിയിട്ടുള്ളവയാണ്. ഗ്നൂ ജനറല്‍ പബ്ലിക് ലൈസന്‍സ് എന്നത് ഗ്നൂ ജിപിഎല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഗ്നൂ ജിപിഎല്ലിനെക്കുറിച്ച് ഒരു എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍ താളും കൊടുത്തിട്ടുണ്ട്. എന്തുകൊണ്ട് എഫ്എസ്എഫ് പകര്‍പ്പവകാശ കര്‍ത്തവ്യങ്ങള്‍ കോൺട്രിബ്യൂട്ടർമാരില്‍ നിന്നും കിട്ടുന്നു എന്നും നിങ്ങള്‍ക്ക് വായിക്കാം.

പകര്‍പ്പുപേക്ഷയുടെ വേറൊരു പതിപ്പായ ഗ്നൂ അഫെറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (എജി.പി.എല്‍.) സെര്‍വ്വറുകളില്‍ ഉപയോഗിക്കന്ന പ്രോഗ്രാമുകള്‍ക്കായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. സെര്‍വ്വര്‍ പൊതുവായി നല്‍കുന്ന സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രോഗ്രാമില്‍ പരിഷ്കരണമുണ്ടായാല്‍ ആ സോഴ്സ് കോഡും പൊതുജനത്തിനായി പ്രസിദ്ധപ്പെടുത്തും എന്ന് ഇത് ഉറപ്പുവരുത്തുന്നു.

പകര്‍പ്പുപേക്ഷയുടെ വിട്ടുവീഴ്ചകളുള്ള ഒരു രൂപമാണ് ഗ്നൂ ലെസ്സര്‍ ജനറല്‍ പബ്ലിക് ലൈസന്‍സ് (എല്‍ജിപിഎല്‍). ഗ്നൂ ലൈബ്രറികളില്‍ കുറച്ചെണ്ണം ഈ അനുമതിപത്രമാണ് ഉപയോഗിക്കുന്നത്. എല്‍ജിപിഎല്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അറിയാന്‍ എന്തുകൊണ്ട് നിങ്ങളുടെ അടുത്ത ലൈബ്രറിക്ക് ലെസ്സര്‍ ജിപിഎല്‍ ഉപയോഗിക്കരുത് എന്ന ലേഖനം വായിക്കുക.

ഗ്നൂ ഫ്രീ ഡോകുമെന്റേഷന്‍ ലൈസന്‍സ് (എഫ്.ഡി.എല്‍.) എന്ന പകര്‍പ്പുപേക്ഷയുടെ രൂപം സഹായഗ്രന്ഥങ്ങള്‍, പാഠപുസ്തകങ്ങള്‍, മറ്റ് രേഖകള്‍ എന്നിവക്ക് മാറ്റം വരുത്തിയോ അല്ലാതെയോ വാണിജ്യപരമായോ അല്ലാതെയോ എല്ലാവര്‍ക്കും പകര്‍ത്താനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു.

അനുയോജ്യമായ അനുമതിപത്രം മിക്ക സഹയഗ്രന്ഥങ്ങളിലും എല്ലാ ഗ്നൂ സോഴ്സ് കോഡ് വിതരണങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിങ്ങള്‍ പകര്‍പ്പവകാശം കൈവശമുള്ളയാളാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനുതകും വിധം ആണ് എല്ലാ അനുമതിപത്രങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിനായി അനുമതിപത്രില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല, അനുമതിപത്രത്തിന്റെ ഒരു പകര്‍പ്പ്‌ നിങ്ങളുടെ സൃഷ്ടിയോടും സോഴ്സ് ഫയലുകളില്‍ അനുമതിപത്രത്തിലേക്ക് ചൂണ്ടുന്ന ഒരു അറിയിപ്പും കൂട്ടിച്ചേര്‍ത്താല്‍ മതി.

ഒരേ വിതരണ നിബന്ധനകള്‍ പല പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ എളുപ്പത്തില്‍ പ്രോഗ്രാമുകള്‍ക്കിടയില്‍ കോഡ് പകര്‍ത്തി ഉപയോഗിക്കാം. അവക്കെല്ലാം ഒരേ വിതരണ നിബന്ധനകളാകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ലെസ്സര്‍ ജിപിഎല്‍, വെര്‍ഷന്‍ 2ല്‍ വിതരണ നിബന്ധനകള്‍ സാധാരണ ജിപിഎല്‍ ആയി മാറ്റം വരുത്തുവാനാകും എന്ന ഒരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങള്‍ക്ക് ജിപിഎല്ലില്‍ ഉള്ള ഒരു പ്രോഗ്രാമിലേക്ക് എല്‍ജിപിഎല്‍ കോഡ് പകര്‍ത്താനാകും. പൊരുത്തം സ്വയമേയുള്ളതാവാന്‍ വേണ്ടി ജിപിഎല്‍ വെര്‍ഷന്‍ 3ന്റെ ഒരു അപവാദമായാണ് ലെസ്സര്‍ ജിപിഎല്‍ വെര്‍ഷന്‍ 3 വികസിപ്പിച്ചിട്ടുള്ളത്.

നിങ്ങള്‍ക്ക് ഗ്നൂ ജിപിഎല്ലോ, ഗ്നൂ എല്‍ജിപിഎല്ലോ ഉപയോഗിച്ച് നിങ്ങളുടെ പ്രോഗ്രാം പകര്‍പ്പുപേക്ഷ ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ ഉപദേശങ്ങള്‍ക്കായി അനുമതിപത്ര നിര്‍ദ്ദേശങ്ങളുടെ താള് സന്ദര്‍ശിക്കുക. ദയവായി ശ്രദ്ധിക്കുക, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അനുമതിപത്രത്തിലെ മുഴുവന്‍ എഴുത്തും നിര്‍ബന്ധമായും ഉപയോഗിക്കുക. ഓരോന്നും അവിഭാജ്യമാണ്, ഭാഗികമായ പകര്‍പ്പുകള്‍ അനുവദനീയമല്ല.

നിങ്ങളുടെ സഹായഗ്രന്ഥം ഗ്നൂ എഫ്ഡിഎല്‍ ഉപയോഗിച്ച് പകര്‍പ്പുപേക്ഷ ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍ എഫ്ഡിഎല്‍ എഴുത്തിന്റെ അവസാനമുള്ള നിര്‍ദ്ദേശങ്ങളും ജിഎഫ്ഡിഎല്‍ നിര്‍ദ്ദേശങ്ങളുടെ താളും കാണുക. കൂടാതെ, ഭാഗികമായ പകര്‍പ്പുകള്‍ അനുവദനീയമല്ല.

പകര്‍പ്പവകാശ ചിഹ്നത്തിന് പകരം വൃത്തത്തിനുള്ളില്‍ തിരിഞ്ഞിരിക്കുന്ന C നല്‍കുന്നത് നിയമപരമായ തെറ്റാണ്. നിയമപരമായി പകര്‍പ്പവകാശത്തില്‍ അടിസ്ഥാനമായതാണ് പകര്‍പ്പുപേക്ഷ, അതുകൊണ്ട് സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശ അറിയിപ്പുണ്ടാകണം. അതില്‍ പകര്‍പ്പവകാശ ചിഹ്നമോ (വൃത്തത്തിനുള്ളില്‍ C) “പകര്‍പ്പവകാശം” എന്ന പദമോ ഉപയോഗിക്കണം.

വൃത്തത്തിലെ തിരിച്ചിട്ട C ക്ക് പ്രത്യേകിച്ചൊരു നിയമ സാധുതയുമില്ലാത്തതിനാല്‍ അതൊരു പകര്‍പ്പവകാശ അറിയിപ്പാവുന്നില്ല. പുസ്തകത്തിന്റെ പുറംചട്ട, പോസ്റ്റര്‍ മുതലായവയില്‍ അത് രസകരമാണെങ്കിലും വെബ് താളില്‍ അത് നിങ്ങള്‍ എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കുക!