ഈ പരിഭാഷയിൽ, 2021-07-03 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍ക്കു് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പോലെയാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍. രൂപകല്പന ചെയ്യുമ്പോള്‍ എടുക്കുന്ന ഏതു തീരുമാനവും, സംരംഭത്തെ നശിപ്പിയ്ക്കാവുന്ന, ഒരു പേറ്റന്റിന്റെ മുകളില്‍ കയറുന്നത്ര അപകടസാധ്യതയുള്ളതാകുന്നു.

നൂറുകണക്കിനല്ലെങ്കില്‍ ആയിരക്കണക്കിനു് ആശയങ്ങളുടെ വിളക്കിച്ചേര്‍ക്കലാണു് വലുതും സങ്കീര്‍ണ്ണവുമായ ഓരോ പ്രോഗ്രാമുകളും. സോഫ്റ്റ്‌വെയറുകള്‍ക്കു് പേറ്റന്റ് അനുവദിയ്ക്കുന്ന ഒരു രാജ്യത്തിലാണെങ്കില്‍ നിങ്ങളുടെ പ്രോഗ്രാമിലെ മിക്ക ആശയങ്ങളും വിവിധ കമ്പനികള്‍ നേരത്തെതന്നെ പേറ്റന്റ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടു്. പ്രോഗ്രാമിന്റെ ഒരു ഭാഗത്തില്‍ തന്നെ നൂറുകണക്കിനു പേറ്റന്റുകള്‍ കണ്ടെന്നുവരാം. 2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രധാനപ്പെട്ട ഒരൊറ്റ പ്രോഗ്രാമിന്റെ പല ഭാഗങ്ങളില്‍ 300 അമേരിക്കന്‍ പേറ്റന്റുകള്‍ കണ്ടെത്തി. അങ്ങനെയൊരു പഠനം നടത്തുന്നതു് വളരെ ശ്രമകരമായതുകൊണ്ടു് ആ ഒരു പഠനം മാത്രമേ നടന്നുള്ളൂ.

പ്രായോഗികമായി പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ രചയിതാവാണെങ്കില്‍ സാധാരണയായി ഒരു സമയത്തു് ഒരു പേറ്റന്റായിരിക്കും നിങ്ങള്‍ക്കു ഭീഷണി. ഇതു സംഭവിക്കുമ്പോള്‍ ആ പേറ്റന്റിനെ നിയമപരമായി നേരിടാന്‍ കഴിഞ്ഞാല്‍ പ്രത്യേകിച്ചു പരിക്കൊന്നുമേല്‍ക്കാതെ തടിയൂരാം. നിങ്ങളതില്‍ ശ്രമിച്ചു് വിജയിച്ചാല്‍, അതിനര്‍ത്ഥം ഒരു മൈന്‍ കുറഞ്ഞുകിട്ടി എന്നു മാത്രമാണു്. ഈ പേറ്റന്റ് പൊതുജനങ്ങളെ ബാധിയ്ക്കുകയാണെങ്കില്‍ Public Patent Foundation (pubpat.org) അതു് ഏറ്റെടുത്തെന്നുവരാം, അതതിന്റെ സവിശേഷതയാണു്. പേറ്റന്റ് പൊളിയ്ക്കാന്‍ അതിന്റെ മുന്‍കാല നിലനില്പിനെപ്പറ്റി കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയോടു ചോദിയ്ക്കുകയാണെങ്കില്‍ നമ്മള്‍ നമ്മുടെ കയ്യിലുള്ള വിവരങ്ങള്‍ വെച്ചു് സഹായിക്കണം.

മലേറിയ തടയാന്‍ കൊതുകുകളെ അടിച്ചു കൊല്ലാന്‍ പോകുന്നപോലെയാണു് ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെയും ഒന്നൊന്നായി എതിരിടുന്നതു്. വീഡിയോഗെയിമില്‍ കാണുന്ന എല്ലാ ഭീകരജീവികളെയും കൊല്ലാന്‍ കഴിയുന്നില്ല എന്നതുപോലെ, നേരിടേണ്ടിവരുന്ന എല്ലാ പേറ്റന്റിനെയും പൊളിയ്ക്കാന്‍ കഴിയുമെന്നു് കരുതുകവയ്യ. എപ്പോഴെങ്കിലും ഏതെങ്കിലുമൊന്നു് നിങ്ങളെ പരാജയപ്പെടുത്തുകയും നിങ്ങളുടെ പ്രോഗ്രാമിനെ നശിപ്പിക്കുകയും ചെയ്യും. യു. എസ് പേറ്റന്റ് ഓഫീസ് ഒരു വര്‍ഷം ഒരു ലക്ഷത്തോളം പേറ്റന്റുകള്‍ അനുവദിക്കുന്നു. അവര്‍ വീണ്ടും വീണ്ടും മൈനുകള്‍ സ്ഥാപിക്കുന്നതിനാല്‍ നമ്മുടെ പരിശ്രമങ്ങള്‍ ഈ മൈനുകളെ അത്രയും വേഗത്തില്‍ ഒഴിവാക്കുന്നതില്‍ വിജയിക്കില്ല.

ചില മൈനുകള്‍ ഒഴിവാക്കാനേ പറ്റില്ല. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും അപകടകാരിയാണു്. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ അന്യായമായി വിലക്കുന്നു. പക്ഷേ, പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിച്ചു് എല്ലാ പേറ്റന്റുകളും നിയമവിരുദ്ധമല്ല. പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല എന്ന “തെറ്റൂള്ള” പേറ്റന്റുകളേ നമുക്കു പൊളിയ്ക്കാന്‍ കഴിയൂ. സോഫ്റ്റ്‌വെയറിനു പേറ്റന്റെടുക്കാം എന്ന നയമാണു് പ്രശ്നക്കാരനെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.

കൊട്ടാരം സുരക്ഷിതമാക്കണമെങ്കില്‍ ഭീകരജീവികളെ കാണുമ്പോള്‍ കൊന്നാല്‍ പോരാ – അതിന്റെ ഉറവിടം തന്നെ നശിപ്പിക്കണം. ഇപ്പോളുള്ള ഓരോ പേറ്റന്റും ഓരോന്നായി പൊളിച്ചതുകൊണ്ടു പ്രോഗ്രാമിങ്ങ് സുരക്ഷിതമാവില്ല. അതിനായി, സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും ഭീഷണിയായ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് സംവിധാനത്തെ മാറ്റണം.

ഈ രണ്ടു പ്രചരണങ്ങളും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല; ദീര്‍ഘകാലാടിസ്ഥാനത്തിലും ചെറിയ രക്ഷപ്പെടലുകള്‍ക്കു വേണ്ടിയും നമുക്കു് ഒരേ സമയം പ്രവര്‍ത്തിക്കാം. ശ്രദ്ധിച്ചാല്‍ ഒറ്റയൊറ്റ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായ സമരത്തെ നമുക്കു് മൊത്തത്തിലുള്ള പ്രശ്നപരിഹാരത്തിനായും തിരിച്ചുവിടാം. “ചീത്ത” സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളെ, അബദ്ധമായതോ, സാധുവല്ലാത്തതോ ആയ പേറ്റന്റുകളുമായി താരതമ്യപ്പെടുത്തുന്നതിലല്ല കാര്യം. ഓരോ തവണയും ഒരു സോഫ്റ്റ്‌വെയര്‍ പേറ്റന്റ് പൊളിയ്ക്കുമ്പോള്‍, ഓരോ തവണയും നമ്മുടെ പദ്ധതികളെപ്പറ്റി സംസാരിക്കുമ്പോള്‍ നാം ഉറപ്പിച്ചു പറയണം, “ഒരു പേറ്റന്റ് കുറവായിക്കിട്ടി, പ്രോഗ്രാമര്‍ക്കു് ഒരു ശല്യം ഒഴിഞ്ഞുകിട്ടി, നമ്മുടെ ലക്ഷ്യം സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളേ ഇല്ലാതാക്കലാണു്.”

യൂറോപ്യന്‍ യൂണിയനിലെ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെതിരായ പോരാട്ടം ഒരു നിര്‍ണ്ണായകഘട്ടത്തിലെത്തിയിരിയ്ക്കുകയാണു്. ഒരു വര്‍ഷം മുമ്പു് യൂറോപ്യന്‍ പാര്‍ലമെന്റ് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരാകരിച്ചുകൊണ്ടു് വോട്ടു ചെയ്തു. മെയ് മാസത്തില്‍ കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ്, പാര്‍ലമെന്റിന്റെ തീരുമാനം തിരുത്തി പ്രശ്നത്തെ തുടങ്ങിയതിനേക്കാള്‍ വഷളാക്കി. എന്നിരുന്നാലും ഇതിനെ പിന്തുണച്ച ഒരു രാജ്യമെങ്കിലും വോട്ട് പിന്‍വലിച്ചു. ഒരു യൂറോപ്യന്‍ രാജ്യത്തേക്കൂടി എങ്കിലും അവരുടെ അഭിപ്രായം മാറ്റാന്‍ നമ്മളാല്‍ കഴിയുന്നതു് ഉടന്‍ ചെയ്യണം, കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കു വരുന്ന പുതിയ അംഗങ്ങളെ മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും ബോദ്ധ്യപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റൂള്ള പ്രവര്‍ത്തകരുമായി എങ്ങനെ ബന്ധപ്പെടാമെന്നും അറിയുന്നതിനായി www.ffii.org സന്ദര്‍ശിയ്ക്കുക.