ഈ പരിഭാഷയിൽ, 2017-08-27 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്

ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പിലൂടേയും, സൂക്ഷ്മനിരീക്ഷണത്തിലൂടേയും, ഗവണ്‍മെന്റുകള്‍, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ മാനുഷികാവകാശങ്ങള്‍ക്കു് ഭീഷണിയുയര്‍ത്തുന്നു എന്നതു് നമ്മളില്‍ കുറേ പേര്‍ക്കറിയാം. പക്ഷെ, അവരവരുടെ വീട്ടിലേയോ പണിയിടങ്ങളിലേയോ കമ്പ്യൂട്ടറുകളില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇതിലും വലിയ ഭീഷണിയാകാമെന്നു് അധികമാളുകളും തിരിച്ചറിയുന്നില്ല.

കൂടുതല്‍ കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കുന്നതു് സ്വതന്ത്രമല്ലാത്ത കുത്തക സോഫ്റ്റ്‌വെയറുകളാണു്: അതു് നിയന്ത്രിയ്ക്കുന്നതു് സോഫ്റ്റ്‌വെയര്‍ കമ്പനികളാണു്, ഉപയോക്താക്കളല്ല. ഈ പ്രോഗ്രാമുകള്‍ എന്താണു് ചെയ്യുന്നതെന്നു് ഉപയോക്താക്കള്‍ക്കു് നോക്കാന്‍ സാധിക്കില്ല, അവര്‍ക്കിഷ്ടമല്ലാത്തതെന്തെങ്കിലും ചെയ്യുന്നതു് നിര്‍ത്താനും സാധിക്കില്ല. വേറൊരു രീതിയേയും പറ്റി അറിയാത്തതുകൊണ്ടു്, കൂടുതലാളുകളും ഇതു് സമ്മതിയ്ക്കും, പക്ഷെ സോഫ്റ്റ‌വെയര്‍ എഴുത്തുകാര്‍ക്കു്, ഉപയോക്താക്കളുടെ മേല്‍ അധികാരം കൊടുക്കുന്നതു് എന്തായാലും തെറ്റാണു്.

അന്യായമായ അധികാരം, സാധാരണപോലെ, കൂടുതല്‍ ദ്രോഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ശ്രംഖലയുമായി ബന്ധിച്ചിരിയ്ക്കുകയും, അതിലെ സോഫ്റ്റ്‌വെയറിനെ നിങ്ങള്‍ക്കു് നിയന്ത്രിയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണെങ്കില്‍, അതിനു് വളരെയെളുപ്പം നിങ്ങളുടെ മേല്‍ ചാരപ്പണി നടത്താം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി നടത്തുന്നുണ്ടു്; ഉദാഹരണത്തിനു് ഉപയോക്താവു് സ്വന്തം ഫയലുകളില്‍ ഏതൊക്കെ വാക്കുകള്‍ തിരയുന്നു, മറ്റേതെല്ലാം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റള്‍ ചെയ്തിട്ടുണ്ടു് എന്നെല്ലാം അതു് ചോര്‍ത്തുന്നു. റിയല്‍ പ്ലെയറും ചാരപ്പണി ചെയ്യുന്നു; ഉപയോക്താവെന്താണു് പാടിയ്ക്കുന്നതെന്നാണു് അതറിയിയ്ക്കുന്നതു്. സെല്‍ ഫോണുകള്‍ മൊത്തം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളാണു് അതെല്ലാം ചാരപ്പണിനടത്തുന്നു. സെല്‍ഫോണുകള്‍ ‘ഓഫ്’ ആയിരിയ്ക്കുമ്പോഴും അതിരിയ്ക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചുകൊണ്ടേയിരിയ്ക്കുന്നു, കുറേയെണ്ണത്തിനു്, കൂടുതല്‍ വ്യക്തമായ ജിപിഎസ് (GPS) അനുസരിച്ചുള്ള വിവരങ്ങളാണു് അയയ്ക്കുന്നതു്, നിങ്ങള്‍ക്കു് വേണമെങ്കിലും, വേണ്ടെങ്കിലും. ചില ഇനങ്ങളെ ദൂരെ നിന്നു തന്നെ നിയന്ത്രിയ്ക്കാവുന്ന രീതിയുള്ളതാണു്. ഈ ഉപദ്രവകരമായ ഭാഗങ്ങളെ നിയന്ത്രണം നേരെയാക്കാന്‍ ഉപയോക്താക്കള്‍ക്കു് കഴിയില്ല.

ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതു്, ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനും, ആക്രമിയ്ക്കാനുമാണു്. വിന്‍ഡോസ് വിസ്റ്റ ഈ മേഖലയിലുള്ള വലിയ മുന്നേറ്റമാണു്; പുതിയ മാതൃകയിലുള്ള ഹാര്‍ഡ്‌വെയറുകളില്‍, പൊളിയ്ക്കാന്‍ പറ്റാത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പറ്റും എന്നതുകൊണ്ടാണു്, വിന്‍ഡോസ് വിസ്റ്റ, പഴയ കമ്പ്യൂട്ടറുകള്‍ മാറ്റാനായി ആവശ്യപ്പെടുന്നതു്. അതിനായി പുതിയ കമ്പ്യൂട്ടറുകള്‍ക്കു് പണം മുടക്കാനും ഉപയോക്താക്കളോടു് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. കമ്പനി അധികാരികള്‍ക്കു് നിര്‍ബന്ധിത പുതുക്കല്‍ സാധ്യമാകുന്ന രീതിയിലാണു് അതു് നിര്‍മ്മിച്ചിരിയ്ക്കുന്നതു്. ഇതുകൊണ്ടാണു് ബാഡ്‌വിസ്റ്റ എന്ന പ്രചരണം തുടങ്ങിയതു്. വിന്‍ഡോസ് ഉപയോക്താക്കളോടു് വിസ്റ്റയിലേയ്ക്കു് ‘പുതുക്കരുതു്’ എന്നാണു് ആ പ്രചരണം ആഹ്വാനം ചെയ്യുന്നതു്. (വിന്‍ഡോസ് 7, വിന്‍ഡോസ് 8, മുതലായ വിദ്വേഷമുള്ളവയ്ക്ക് നമുക്ക് Windows7Sins.org & UpgradeFromWindows8.org ഉണ്ട്). മാക്കു് ഓഎസ്സിലും അതിന്റെ ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.

മുന്‍പ് യുഎസ്സ് ഭരണകൂടത്തിനായി, മൈക്രോസോഫ്റ്റ്‌ പിന്‍വാതിലുകള്‍ സ്ഥാപിച്ചിരുന്നു (ലേഖനം ഇവിടെ). അതിന്റെ തുടര്‍ച്ചക്കാര്‍ ഇപ്പോഴുമുണ്ടോ എന്നു് നമുക്കു് പരിശോധിയ്ക്കാന്‍ സാധ്യമല്ല. മറ്റു് കുത്തക സോഫ്റ്റ്‌വെയറുകളിലും പിന്‍വാതിലുകള്‍ ഉണ്ടാവുകയോ ഉണ്ടാവതിരിയ്ക്കുകയോ ചെയ്യാം, പക്ഷെ നമ്മുക്കതു് പരിശോധിയ്ക്കാന്‍ പറ്റാത്തിടത്തോളം കാലം അതിനെ വിശ്വസിയ്ക്കാനാവില്ല.

നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വേണ്ടിയാണു് പ്രവര്‍ത്തിയുക്കുന്നതെന്നു് ഉറപ്പിയ്ക്കാനുള്ള ഏകവഴി സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കുക എന്നതാണു്. എന്നുവച്ചാല്‍, ഉപയോക്താവിനു് അതിന്റെ സോഴ്സ് കോഡ് ലഭ്യമാവും, അതു് പഠിയ്ക്കാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകും, അതില്‍ മാറ്റം വരുത്തിയോ അല്ലാതെയോ പുനര്‍വിതരണം നടത്താനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി പ്രത്യേകം നിര്‍മ്മിച്ച ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍, ഓഫീസ് പ്രയോഗങ്ങള്‍, മള്‍ട്ടീമീഡിയ, കളികള്‍, തുടങ്ങി നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ കൊണ്ടു് വേണ്ടതെല്ലാം ഉണ്ടു്. മുഴുവന്‍ സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തെ പറ്റിയറിയാന്‍ gNewSense.org കാണു.

സാമൂഹ്യ പ്രവര്‍ത്തകര്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ഒരു പ്രത്യേക പ്രശ്നമുണ്ടു്, ആ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്ന, അതിന്റെ നിര്‍മ്മാതാക്കള്‍, അവര്‍ എതിര്‍ക്കാനാഗ്രഹിയ്ക്കുന്ന കമ്പനികളായിരിയ്ക്കാം – അല്ലെങ്കില്‍ അവരെ തിര്‍ക്കുന്ന നയങ്ങളുള്ള രാഷ്ട്രങ്ങള്‍ ഇത്തരം കമ്പനികളുടെ ആഗ്രഹിത്തിനായി പ്രവര്‍ത്തിയ്ക്കുകയായിരിയ്ക്കും. ഒരു കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനി, അതു്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, സ്കൈപ്പ്, തുടങ്ങി ആരായാലും, നമ്മുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്നു എന്നാല്‍, നമ്മള്‍, എന്തു് ആരോടു് സംസാരിയ്ക്കണമെന്നു് അവര്‍ തീരുമാനിയ്ക്കും എന്നാണു്. ഇതു് നമ്മുടെ ജീവിതത്തിന്റെ എല്ലാത്തുറയിലുമുള്ള സ്വാതന്ത്ര്യത്തേയും ബാധിയ്ക്കുന്നു.

നിങ്ങളുടെ എഴുത്തുകളും, കത്തകളും ഒരു കമ്പനിയുടെ സര്‍വര്‍ ഉപയോഗിച്ചു ചെയ്യുന്നതിലും, അപകടമുണ്ടു് – അതു് യുഎസ്സ് നിയമജ്ഞന്‍ മിഖായേല്‍ സ്പ്രിങ്മാനു് (Michael Springmann) പറ്റിയ പോലെ, നിങ്ങള്‍ ചൈനയിലാണെങ്കില്‍ മാത്രമല്ല. 2003-ല്‍, അദ്ദേഹം കക്ഷികളുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍, AOL എന്ന ഇന്റര്‍നെറ്റു് കമ്പനി, പോലീസിനു് കൈമാറി, മാത്രമല്ല അയാളുടെ ഈമെയില്‍ സന്ദേശങ്ങളും, വിലാസങ്ങളും അപ്രത്യക്ഷമാക്കി. അതിലെ ഒരു ജോലിക്കാരന്‍ സമ്മതിയ്ക്കുന്നതു് വരെ അതു് മനപ്പൂര്‍വ്വം സംഭവിച്ചതാണെന്നവര്‍ സമ്മതിച്ചിരുന്നില്ല. വിവരങ്ങള്‍ തിരിച്ചു കിട്ടാനുള്ള ശ്രമം സ്പ്രിങ്മാന്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു.

മനുഷ്യാവകാശങ്ങളെ മാനിയ്ക്കാത്ത ഒരേയൊരു രാഷ്ട്രമല്ല യു എസ്. അതുകൊണ്ടു് നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിയ്ക്കുക, വിവര സൂക്ഷിപ്പുകള്‍ നിങ്ങളുടെ പക്കല്‍ തന്നെ വയ്ക്കുക – നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്യുക.