English [en]   العربية [ar]   български [bg]   català [ca]   Česky [cs]   Deutsch [de]   ελληνικά [el]   español [es]   فارسی [fa]   français [fr]   עברית [he]   hrvatski [hr]   Bahasa Indonesia [id]   italiano [it]   日本語 [ja]   한국어 [ko]   മലയാളം [ml]   Nederlands [nl]   polski [pl]   português do Brasil [pt-br]   română [ro]   русский [ru]   slovenščina [sl]   Shqip [sq]   српски [sr]   தமிழ் [ta]   Tagalog [tl]   українська [uk]   简体中文 [zh-cn]   繁體中文 [zh-tw]  

Thanks to your support, 2015 marks 30 years of the FSF! In the next 30 years, we want to do even more to defend computer user rights. To kick off in that direction, we're setting our highest-ever fundraising goal of $525,000 by January 31st. Read more.

$525K
72% (380K)
Count me in

This translation may not reflect the changes made since 2014-09-18 in the English original. You should take a look at those changes. Please see the Translations README for information on maintaining translations of this article.

ലിനക്സും ഗ്നു സംവിധാനവും

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ അറിയാന്‍‍ ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്? എന്നീ ലേഖനങ്ങള്‍ കാണുക.

പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഗ്നു സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ പതിപ്പു് കൂടുതല്‍ സമയവും “ലിനക്സ്”എന്നാണറിയപ്പെടുന്നതു്, എന്നു് മാത്രമല്ല പല ഉപയോക്താക്കളും ഗ്നു സംരംഭവുമായി അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി ബോധവാന്‍മാരുമല്ല.

ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു് ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണു്. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു് പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന പ്രോഗ്രാമാണതു്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു് കെര്‍ണല്‍, പക്ഷേ അതു് മാത്രം കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല; മുഴുവന്‍ പ്രവര്‍ത്തക സംവിധാനത്തിനൊപ്പമേ അതിനു് പ്രവര്‍ത്തിയ്ക്കാനാകൂ. ലിനക്സ് സാധാരണയായി ഗ്നു എന്ന പ്രവര്‍ത്തക സംവിധാനവുമായി ചേര്‍ന്നാണുപയോഗിയ്ക്കുന്നതു്: ലിനക്സ് കെര്‍ണലായി പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും അടിസ്ഥാനപരമായി ഗ്നുവാണു് അഥവാ ഗ്നു/ലിനക്സ് ആണു്. “ലിനക്സ്” എന്നു് പറയപ്പെടുന്ന എല്ലാ വിതരണങ്ങളും ശരിയ്ക്കും, ഗ്നു/ലിനക്സ് വിതരണങ്ങളാണു്.

പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും “ലിനക്സ്”എന്നു് തന്നെ അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധവാന്‍മാരല്ല. ഈ പേരിന്റെ അവ്യക്തമായ ഉപയോഗം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിയ്ക്കുന്നില്ല. അല്പം സഹായത്തോടെ, 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു് മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍ വിചാരിയ്ക്കുന്നതു്

ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും, കെര്‍ണലിന്റെ പേരിലറിയപ്പെടുന്ന സിസ്റ്റം എന്ന രീതിയുള്ള ഒരു ചരിത്രമാണു് അവരുടെ മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു്, ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും, അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ക്കായി പരതുകയും, യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ ലഭ്യമായിരുന്നുവെന്നു് (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ) കണ്ടെത്തുകയുമാണുണ്ടായതു് എന്നാണു് പലരും വിശ്വസിയ്ക്കുന്നതു്.

അവരതു് കണ്ടെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നില്ല—അതു് മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു . ലഭ്യമായിരുന്ന എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെല്ലാം കൂട്ടിച്ചേര്‍ത്തു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതു്, 1984 മുതല്‍ തന്നെ ഗ്നു സംരംഭം അതിനായ് യത്നിച്ചതു് കൊണ്ടാണു്. ഗ്നു മാനിഫെസ്റ്റോയില്‍, ഗ്നു എന്ന പേരില്‍, യുണിക്സ് പോലുള്ള ഒരു സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം ഞങ്ങള്‍ മുന്നോട്ടു് വച്ചിട്ടുണ്ടു്. ഗ്നു പ്രൊജക്റ്റിന്റെ ആദ്യ പ്രഖ്യാപനത്തിലും ഗ്നു സിസ്റ്റത്തിനുള്ള ആദ്യകാല പദ്ധതികളുടെ രൂപരേഖവിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു് പൂര്‍ണ്ണമായിരുന്നു.

കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ഡൊണാള്‍ഡ് ക്നുത്തു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു് തുനിഞ്ഞതു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. ഇത്തരം സംരംഭങ്ങളുടെ സംഭാവനയെ വിലയിരുത്തുനതു് സ്വാഭാവികമായും, അതില്‍നിന്നുള്ള പ്രോഗ്രാമുകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു്

ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി വിതരണക്കാരന്‍ കണ്ടെത്തിയതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഒറ്റ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണ്ടു് 28% വരുന്ന ഗ്നു സോഫ്റ്റുവെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു(2008 ലെ കണക്കും സമാനമാണു് ഗ്ന്യൂസെന്‍സ് എന്ന വിതരണത്തിന്റെ “മെയിന്‍” സംഭരണിയില്‍ ലിനക്സ് 1.5% ഉം, ഗ്നു പാക്കേജുകള്‍ 15% ഉം ആണു്). സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റപ്പദം “ഗ്നു” എന്നായിരിയ്ക്കും.

പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല, ഇപ്പോഴുമല്ല.ഞങ്ങളൊരു സി കമ്പൈലര്‍ വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭവുമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം വികസിപ്പിയ്ക്കുക എന്നതായിരുന്നു.

സിസ്റ്റത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് പലരും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്, അവരെല്ലാവരും ഇതിനു് അംഗികാരം അര്‍ഹിയ്ക്കുന്നുണ്ടു്. പക്ഷേ ഉപയോഗപ്രദമായ ഒരു കൂട്ടം പ്രോഗ്രാമുകളുടെ ശേഖരം മാത്രമല്ലാതെ ഇതു് ഒരു സംയോജിത സിസ്റ്റമാകാന്‍ കാരണം, ഗ്നു സംരംഭത്തിന്റെ ലക്ഷ്യമതായതുകൊണ്ടാണു്. പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു സിസ്റ്റമുണ്ടാക്കാന്‍ ആവശ്യമായ പ്രോഗ്രാമുകളുടെ ഒരു പട്ടികയുണ്ടാക്കുകയും, ശാസ്ത്രീയമായി അതിലെ എല്ലാ പ്രോഗ്രാമുകളും കണ്ടെത്തുകയോ, എഴുതുകയോ, എഴുതാനായി ആളുകളെ കണ്ടെത്തുകയോ ചെയ്തു. അനിവാര്യമായതും എന്നാല്‍ രസകരമല്ലാത്തതുമായ (1) ചില ഘടകങ്ങള്‍ ഇല്ലാതെ ഒരു സിസ്റ്റം ഉണ്ടാക്കാന്‍ പറ്റാത്തതു് കൊണ്ട്, അവ ഞങ്ങള്‍ തന്നെ വികസിപ്പിച്ചു. ഞങ്ങളുടെ സിസ്റ്റത്തിലെ പ്രോഗ്രാമിങ്ങിനുള്ള ചില ഉപകരണങ്ങള്‍, സ്വയം തന്നെ പ്രോഗ്രാമര്‍മാരുടെയിടയില്‍ ജനകീയമായി, പക്ഷേ ഇതല്ലാത്ത (2) പല ഘടകങ്ങളും ഞങ്ങള്‍ എഴുതി. ഞങ്ങള്‍ ഒരു ചതുരംഗ കളി, ഗ്നു ചെസ്സ്, പോലും വികസിപ്പിച്ചെടുത്തു, കാരണം സമ്പൂര്‍ണ്ണമായ ഒരുസിസ്റ്റത്തിനു് നല്ല കളികളും ആവശ്യമാണു് എന്നതു് തന്നെ.

90 കളുടെ ആദ്യത്തോടെ കെര്‍ണലൊഴികെയുള്ള മുഴുവന്‍ സിസ്റ്റവും ഞങ്ങള്‍ തയ്യാറാക്കിയിരുന്നു (മാകിനു് മുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗ്നു ഹര്‍ഡ്, എന്ന കെര്‍ണല്‍ ഞങ്ങള്‍ വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുകയായിരുന്നു). ഈ കെര്‍ണല്‍ വികസിപ്പിയ്ക്കുന്നതു് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു; 2001 ല്‍ ഗ്നു ഹര്‍ഡ് വിശ്വസനീയമായി പ്രവര്‍ത്തിച്ചു് തുടങ്ങി, പക്ഷേ ഇതു് ആളുകള്‍ക്കു് പൊതുവില്‍ ഉപയോഗിയ്ക്കാന്‍ തയ്യാറാകാന്‍ ഇനിയും എത്രയോ ദൂരം പോകാനുണ്ടു്.

ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം, ഞങ്ങള്‍ക്കു് ഹര്‍ഡിനായി കാത്തിരിയ്ക്കേണ്ടി വന്നില്ല. 1992 ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് സ്വതന്ത്രമാക്കിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് ലിനക്സും ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു് പൂര്‍ണ്ണമായും സ്വതന്ത്രമായ സിസ്റ്റം — ഗ്നു സിസ്റ്റത്തിന്റെ ലിനക്സ് അടിസ്ഥാനമായൊരു പതിപ്പു് നിര്‍മ്മിക്കാന്‍ സാധിച്ചു. ചുരുക്കത്തില്‍ ഗ്നു/ലിനക്സ്.

അവ ചേര്‍ത്തു് വയ്ക്കുന്നതൊരു നിസാര പണിയായിരുന്നില്ല. ചില ഗ്നു ഘടകങ്ങള്‍ക്കു്(3) ലിനക്സുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കുന്നതിനു് വേcണ്ടി സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. ഉടന്‍ ഉപയോഗസജ്ജമായ രീതിയിലുള്ള ഒരു വിതരണമായി ഈ സിസ്റ്റത്തെ സംയോജിപ്പിക്കുന്നതു് ഒരു വലിയ ജോലിയായിരുന്നു. ഇതിനായി സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതും ബൂട്ട് ചെയ്യുന്നതുമെങ്ങനെയാണെന്നുള്ള പ്രശ്നം പരിഹരിക്കേണ്ടിയിരുന്നു — അവിടംവരെ എത്താതിരുന്നതിനാല്‍ ഞങ്ങള്‍ക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രശ്നമായിരുന്നു അതു്. അതിനാല്‍ തന്നെ സിസ്റ്റത്തിന്റെ പല വിതരണങ്ങളും വികസിപ്പിച്ചെടുത്തവര്‍ പല അത്യാവശ്യ പണികളും ചെയ്തു. പക്ഷേ അവ പലതും ആ ജോലിയുടെ സ്വഭാവം കൊണ്ടു്, ഉറപ്പായും ആരെങ്കിലും ചെയ്യാന്‍ പോകുന്നവയായിരുന്നു.

ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു എന്ന സിസ്റ്റത്തിനേയും ഗ്നു സംരംഭം പിന്തുണയ്ക്കുന്നു. ഗ്നു സി ലൈബ്രറിക്കു് വേണ്ടി ലിനക്സുമായി ബന്ധപ്പെട്ട കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി എഫ്എസ്എഫ് പണം മുടക്കി. അതു്കൊണ്ടു് ഇപ്പോള്‍ അവ നല്ലനിലയില്‍ സംയോജിതമാണു്. പുതിയ ലൈബ്രറി പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഗ്നു/ലിനക്സ് സിസ്റ്റത്തിലുപയോഗിക്കുന്നു. എഫ്എസ്എഫ്, ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട വികസനത്തിനും പണംമുടക്കി.

ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല രൂപാന്തരങ്ങളും ഉണ്ടു് (പലപ്പോഴും “വിതരണങ്ങള്‍” എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍ ഒട്ടുമിക്കവയും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് — അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു് പിന്തുടരുന്നതു്. പക്ഷേ അവയില്‍ പൂര്‍ണ്ണമായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു് . ഉട്ടുട്ടോ, ഗ്ന്യൂസെന്‍സ് എന്നീ രണ്ടു് വിതരണങ്ങളെ എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ നല്കി പിന്തുണയ്ക്കുന്നു.

സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു്, സ്വതന്ത്രമല്ലാത്ത പല പ്രോഗ്രാമുകളേയും ഒഴിവാക്കുന്ന കാര്യം മാത്രമല്ല. ഇപ്പോള്‍ ലിനക്സിന്റെ സാധാരണ പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ പ്രോഗ്രാമുകള്‍, സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍ പകര്‍ത്താനുദ്ദേശിച്ചുള്ളതാണു്. അവയുടെ യഥാര്‍ത്ഥ കോഡുകള്‍ക്കു് പകരം, അക്കങ്ങളുടെ ഒരു നീണ്ട ശ്രേണി അയി മാത്രമാണു് അവ "കോഡില്‍ "ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതു്. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ പരിപാലിക്കുക എന്നതു് ലിനക്സിന്റെ ഒരു സ്വതന്ത്ര പതിപ്പിന്റെ പരിപാലനം കൂടിയാവുന്നു.

നിങ്ങള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, ദയവായി “ലിനക്സ്” എന്ന പേരു് സംശയത്തിനിട വരുത്തുന്ന തരത്തില്‍ ഉപയോഗിച്ചു് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതു്. ലിനക്സ് എന്നാല്‍, സിസ്റ്റത്തിലെ വളരെ പ്രധാനപ്പെട്ടതും അനിവാര്യമായതുമായ കേര്‍ണല്‍ എന്ന ഘടകം മാത്രമാണു്. പൂര്‍ണ്ണമായ സിസ്റ്റം അടിസ്ഥാനപരമായി ലിനക്സും കൂടി ചേര്‍ന്ന ഗ്നു സിസ്റ്റമാണു്. നിങ്ങള്‍ ഈ സംയോജിത സിസ്റ്റത്തേപറ്റിയാണു് സംസാരിയ്ക്കുന്നതെങ്കില്‍ ദയവായി അതിനെ “ഗ്നു/ലിനക്സ്” എന്നു് വിളിയ്ക്കുക.

നിങ്ങള്‍ക്കു് “ഗ്നു/ലിനക്സിനെക്കുറിച്ചു്” കൂടുതല്‍ വിവരത്തിനായി സൂചിക ചേര്‍ക്കണമെങ്കില്‍ ഈ ലേഖനവും http://www.gnu.org/gnu/the-gnu-project.html എന്ന ലേഖനവും നല്‍കാവുന്നതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു് http://foldoc.org/linux എന്ന യുആര്‍എല്‍ ഉപയോഗിയ്ക്കാവുന്നതാണു്

അടിക്കുറിപ്പു്: ഗ്നുവിനു് പുറമേ വേരൊരു സംരംഭവും ഒരു സ്വതന്ത്രമായ യുണിക്സ്-പോലുള്ള പ്രവര്‍ത്തക സംവിധാനം ഒറ്റയ്ക്കു് നിര്‍മ്മിച്ചിട്ടുണ്ടു്. യുസി ബെര്‍ക്കിലിയില്‍ വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ബിഎസ്ഡി എന്നാണറിയപ്പെടുന്നതു്. 80 കളില്‍ ഇതു് സ്വതന്ത്രമല്ലായിരുന്നു, പക്ഷേ 90 കളുടെ ആദ്യത്തില്‍ ഇതു് സ്വതന്ത്രമായി. ഇന്നു് നിലവിലുള്ള (4)ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം ഏതാണ്ടുറപ്പായും ഗ്നുവില്‍ നിന്നുള്ളൊരു രൂപാന്തരമോ അല്ലെങ്കില്‍ ഒരു ബിഎസ്ഡി സിസ്റ്റമോ ആണു്.

ഗ്നു/ലിനക്സ് പോലെ ബിഎസ്ഡിയും ഗ്നുവിന്റെ ഒരു പതിപ്പാണോ എന്നു് ആളുകള്‍ ചിലപ്പോള്‍ ചോദിയ്ക്കാറുണ്ടു്. ഗ്നു സംരംഭത്തിന്റെ മാതൃകയില്‍ നിന്നു് ആവേശമുള്‍ക്കൊണ്ടും, ഗ്നു പ്രവര്‍ത്തകരുടെ തുറന്ന അഭ്യര്‍ത്ഥനമാനിച്ചും ആണു് ബിഎസ്ഡിയുടെ രചയിതാക്കള്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയതെങ്കിലും അവരുടെ കോഡും ഗ്നുവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്നു് ഗ്നുവും അതിന്റെ രൂപാന്തരങ്ങളും ബിഎസ്ഡി പ്രോഗ്രാമുകളുപയോഗിയ്ക്കുന്നതു് പോലെ തന്നെ ബിഎസ്ഡി സിസ്റ്റങ്ങള്‍ ചില ഗ്നു പ്രോഗ്രാമുകളുപയോഗിയ്ക്കുന്നുണ്ടു്; എന്നിരുന്നാലും മുഴുവനായെടുത്താല്‍ അവ രണ്ടും വെവ്വേറെ വളര്‍ന്നുവന്ന രണ്ടു് വ്യത്യസ്ത സിസ്റ്റങ്ങളാണു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഒരു കെര്‍ണലെഴുതി ഗ്നുവിനോടു് ചേര്‍ത്തതല്ലാത്തതിനാല്‍ തന്നെ ഗ്നു/ബിഎസ്ഡി എന്ന പേരു് ഇവിടെ ചേരുകയില്ല.(5)

കുറിപ്പുകള്‍

  1. ഇപ്പോള്‍ ഗ്നു ബിന്‍യൂട്ടില്‍സിന്റെ ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന ജിഎല്‍ഡി എന്നീ പാക്കേജുകളും ഗ്നു ടാറും, മറ്റു് പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാവശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ ഘടകങ്ങള്‍.
  2. ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), ഗോസ്റ്റ്സ്ക്രിപ്റ്റ് എന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, ഗ്നു സി ലൈബ്രറി തുടങ്ങിയവ പ്രോഗ്രാമിങ്ങിനുള്ള ഉപകരണങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും അത്തരത്തിലുള്ളവയല്ല..
  3. ഉദാഹരണത്തിനു്, ഗ്നു സി ലൈബ്രറി.
  4. ഇതെഴുതിയതിനു് ശേഷം ഏതാണ്ടു് മുഴുവന്‍ സ്വതന്ത്രമായ - വിന്‍ഡോസ് മാതൃകയിലുള്ള ഒരു സിസ്റ്റം നിര്‍മ്മിയ്ക്കപ്പെടുകയുണ്ടായി, പക്ഷെ സാങ്കേതികമായി അതു് ഗ്നുവിനെ പോലെയോ യുനിക്സിനെ പോലെയോ അല്ലാത്തതുകൊണ്ടു് ഇവിടെ ബാധകമാകുന്നില്ല.സൊളാരിസിന്റെ കേര്‍ണല്‍ ഏതാണ്ടെല്ലാം സ്വതന്ത്രമാണു്. പക്ഷെ അതുപയോഗിയ്ക്കണമെങ്കില്‍ കേര്‍ണലില്‍ വിട്ടു പോയ ഭാഗങ്ങള്‍ ചേര്‍ക്കുന്നതിനു് പുറമെ അതു് ഗ്നു വിലോ ബിഎസ്ഡിയിലോ ചേര്‍ക്കുകയോ വേണം.
  5. എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു് ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ് പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ രൂപാന്തരങ്ങളാണു്, അതുകൊണ്ടു് തന്നെ സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണു്.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്