ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു്!

കുത്തക സോഫ്റ്റ്‌വെയറുകളുടെ വക്താക്കള്‍ ഇങ്ങനെ പറഞ്ഞേക്കാം, “സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഒരു സുന്ദര സ്വപ്നമാണു്. പക്ഷേ നമുക്കറിയാം, കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു മാത്രമാണു് വിശ്വസനീയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ കഴിയുക. ഒരു കൂട്ടം ഹാക്കര്‍മാര്‍ക്ക് ഇത്തരത്തില്‍ ചെയ്യുവാന്‍ സാധിക്കില്ല.”

അനുഭവേദ്യമായ തെളിവുകള്‍ ഇതിനെ അനുകൂലിക്കുന്നില്ല; താഴെ വിശദീകരിച്ചിട്ടുള്ള ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നതു് കുത്തക സോഫ്റ്റ്‌വെയറുകളെക്കാള്‍ കൂടുതല്‍ വിശ്വസനീയം ഗ്നു സോഫ്റ്റ്‌വെയറുകളാണെന്നാണു്.

ഇതൊരു അത്ഭുതമൊന്നുമല്ല; ഗ്നു സോഫ്റ്റ്‌വെയറിന്റെ വിശ്വസനീയതക്കു് ഒരുപാടു നല്ല കാരണങ്ങളുണ്ടു്. അഥവാ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് (എല്ലായ്പോഴുമല്ല) എന്നു പ്രതീക്ഷിക്കാന്‍ കൂടുതല്‍ കാരണങ്ങളുണ്ടു്.

ഗ്നു പ്രയോഗങ്ങള്‍ സുരക്ഷിതം!

1990 ലും 1995 ലും ബാര്‍ട്ടന്‍ .പി. മില്ലറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും യുണിക്സ് പ്രയോഗങ്ങളുടെ വിശ്വസ്തത പരീക്ഷിച്ചു.‌ എല്ലാ സമയത്തും ഗ്നു പ്രയോഗങ്ങളായിരുന്നു മുന്‍പന്തിയില്‍. ഏഴ് വ്യാവസായിക യുണിക്സ് സിസ്റ്റങ്ങളും, ഗ്നുവും അവര്‍ പരീക്ഷിച്ചു. ക്രമരഹിത ഇന്‍പുട്ടുകള്‍ക്കു വിധേയമാക്കിയപ്പോ, അവര്‍ക്കു “40 ശതമാനത്തോളം അടിസ്ഥാന പ്രയോഗങ്ങളെ കോര്‍ ഡമ്പോടു കൂടി ക്രാഷ് ചെയ്യിക്കാനോ, ഇന്‍ഫൈനൈറ്റ് ലൂപ്പില്‍ കുടുക്കി നിശ്ചലമാക്കാനോ കഴിഞ്ഞു…”

ഇത്തരം ഗവേഷണങ്ങളില്‍ തെളിഞ്ഞതു്, വ്യാവസായിക യുണിക്സ് വ്യൂഹങ്ങളുടെ തോല്‍വിയുടെ തോതു് 15% മുതല്‍ 43% വരെയായിരുന്നു. അതേസമയം, ഗ്നുവിന്റെ തോല്‍വിയുടെ തോതു് വെറും 7% മാത്രമായിരുന്നു.

മില്ലര്‍ ഇതുകൂടെ പറഞ്ഞു: “1990 ലും 1995 ലും നമ്മള്‍ താരതമ്യപ്പെടുത്തിയ മൂന്നു വ്യാവസായിക വ്യൂഹങ്ങളും പ്രകടമാകും വിധം വിശ്വാസ്യത മെച്ചപ്പെടുത്തിയിട്ടുണ്ടു്. പക്ഷേ ഇപ്പോഴും സാരമായ തെറ്റുകളുണ്ടു് (അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഗ്നു/ലിനക്സ് പ്രയോഗങ്ങള്‍ വ്യാവസായിക വ്യൂഹങ്ങളെക്കാള്‍ വളരെ മെച്ചമാണു്).”

കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ പേപ്പര്‍ കാണുക: ബാര്‍ട്ടന്‍ .പി. മില്ലറിന്റെ യുണിക്സ് ഉപയോഗത്തിന്റേയും സേവനത്തിന്റേയും വിശ്വസനീയതയുടെ പുന:പരിശോധന (പോസ്റ്റ്സ്ക്രിപ്റ്റ് 223k), ബാര്‍ട്ടന്‍ <bart@cs.wisc.edu>, David Koski, Cjin Pheow Lee, Vivekananda Maganty, Ravi Murthy, Ajitkumar Natarajan, and Jeff Steidl.

എന്തുകൊണ്ടാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാകുന്നതു്?

ഗ്നു പ്രയോഗങ്ങള്‍ കൂടുതല്‍ വിശ്വസനീയമാണെന്നതു് യാദൃശ്ചികമല്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഗുണനിലവാരത്തിലേക്കു നീങ്ങാന്‍ ധാരാളം കാരണങ്ങളുണ്ടു്.

ഒന്നാമത്തെ കാരണം, സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ ഒരു വലിയ സമൂഹത്തിനു് ഒന്നിച്ചു് പ്രവര്‍ത്തിക്കുവാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗകര്യമുണ്ടു് എന്നതാണു്. ഉപയോഗിക്കുന്നവര്‍ക്കു് തെറ്റുകള്‍ രേഖപ്പെടുത്തുവാന്‍ മാത്രമല്ല, പ്രശ്നങ്ങള്‍ പരിഹരിച്ചു് അതു് അയക്കുവാനും സാധിക്കുന്നു. ഉപയോഗിക്കുന്നവര്‍ക്ക് ഒന്നിച്ചു് പ്രവര്‍ത്തിക്കുവാനും, ഇ-മെയില്‍ വഴി ആശയവിനിമയം നടത്തി, പ്രശ്നങ്ങളുടെ ആഴത്തിലേയ്ക്കിറങ്ങി, സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കഴിയുന്നു.

മറ്റൊന്നു്, സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവര്‍ അതിന്റെ വിശ്വസനീയതയില്‍ അതീവ ശ്രദ്ധാലുക്കളാണു് എന്നതാണു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എല്ലായ്പ്പോഴും വാണിജ്യപരമായി മത്സരിക്കുന്നില്ല, എന്നാല്‍ അതു് അംഗീകാരത്തിനായി മത്സരിക്കുന്നു, കൂടാതെ, തൃപ്തികരമല്ലാത്ത ഒരു പ്രോഗ്രാം അതു് വികസിപ്പിക്കുന്നവരാഗ്രഹിക്കുന്ന സ്വീകാര്യതനേടില്ല. എന്തിനധികം, എഴുത്തുകാരന്‍ തന്റെ സോഴ്സ് കോഡ് എല്ലാവര്‍ക്കും ലഭ്യമായ രീതിയില്‍ വയ്ക്കുമ്പോള്‍ അയാളുടെ കഴിവും പ്രാപ്തിയുമാണു് ആ വരികളില്‍ പ്രതിഫലിക്കുന്നതു്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ അസ്വീകാര്യതയെ ഭയപ്പെട്ടു് തന്റെ പ്രോഗ്രാം മികവുറ്റതാക്കാന്‍ പരമാവധി ശ്രദ്ധിക്കുയും ചെയ്യുന്നു.

ക്യാന്‍സര്‍ ചികിത്സാലയങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്നു!

വടക്കന്‍ ഡാകോട്ടയിലെ ഫാര്‍ഗോ (ഒരു ചലച്ചിത്രത്തിനും ഒരു വെള്ളപ്പൊക്കത്തിനും വേദിയായ അതേ ഫാര്‍ഗോ) യിലെ റോഗര്‍ മാരിസ് ക്യാന്‍സര്‍ ചികിത്സാലയത്തില്‍ ലിനക്സ് അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു വ്യൂഹങ്ങളാണു് ഉപയോഗപ്പെടുത്തിയിരിക്കുന്നത്, കാരണം അവിടെ വിശ്വാസ്യത അത്യാവശ്യമാണു്. ഗ്നു/ലിനക്സ് യന്ത്രസംവിധാനങ്ങളുടെ ഒരു ശൃംഖല വിവരശേഖരസംവിധാനത്തെ പ്രവര്‍ത്തിപ്പിക്കുകയും, മരുന്നു ചികിത്സകളെ ഏകോപിപ്പിക്കുകയും, മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഈ ശൃംഖല ചികിത്സാലയത്തിലെ ജോലിക്കാര്‍ക്ക് എല്ലായ്പോഴും ലഭ്യമാക്കേണ്ടതുണ്ടു്.

Dr. G.W. Wettstein <greg@wind.rmcc.com> പറയുന്നു:

[ഗ്നു/]ലിനക്സില്ലാതെ ഞങ്ങളുടെ കാന്‍സര്‍ രോഗികളുടെ ചികിത്സ ഇന്നതെ രീതിയിലാകുമായിരുന്നില്ല… സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ പ്രയോഗങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറുകളില്‍ ലഭ്യമല്ലാത്ത നൂതന പ്രയോഗങ്ങള്‍ വികസിപ്പിക്കുന്നതിനു് ങ്ങങ്ങളെ സഹായിച്ചു.