ഈ പരിഭാഷയിൽ, 2020-10-30 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സാമൂഹ്യ ജഡതയെ മറികടക്കല്‍

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഒരു പി.സി സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാറാക്കിയ ഗ്നൂവിന്റെയും ലിനക്സിന്റെയും സംയോഗം നടന്നിട്ടു് ഏതാണ്ടു് രണ്ടു് ദശകങ്ങള്‍‍ കടന്നുപോയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്കു് നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഗ്നു/ലിനക്സ് സജ്ജമായ‍ ഒരു ലാപ്‌ടോപ്പ് ഇപ്പോള്‍ നിങ്ങള്‍ക്കു് ഒന്നിലധികം ഹാര്‍ഡ്‌വെയര്‍ വിതരണക്കാരില്‍ നിന്നു വാങ്ങാം – ഈ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ലെങ്കിലും. പൂര്‍ണ്ണ വിജയത്തില്‍ നിന്നും നമ്മെ തടയുന്നതെന്തു്?

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ വിജയകാഹളത്തിനു തടസ്സമായിനില്‍ക്കുന്നതു് സാമൂഹ്യ ജഡത്വമാണു്. അതു് പലതരത്തിലുണ്ടു്. അതില്‍ ചിലതു്, നിങ്ങള്‍, തീര്‍ച്ചയായും കണ്ടിരിക്കും. ചില ഉപകരണങ്ങള്‍ വിന്‍ഡോസില്‍ മാത്രമേ പ്രവര്‍ത്തിക്കു. പല വ്യാവസായിക വെബ്സൈറ്റുകളും വിന്‍ഡോസില്‍ മാത്രമേ ഉപയോഗിയ്ക്കാനാവൂ. ബിബിസിയുടെ ഐപ്ലേയര്‍ 'ഹാന്‍ഡ്കഫ്‌വെയര്‍' വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണു്. താത്ക്കാലിക സൌകര്യങ്ങള്‍ക്കാണു് നിങ്ങള്‍ സ്വാതന്ത്ര്യത്തെക്കാള്‍ വിലമതിക്കുകയാണെങ്കില്‍, വിന്‍ഡോസുപയോഗിക്കാന്‍ ഈ കാരണങ്ങള്‍ മതി. പല കമ്പനികളും വിന്‍ഡോസുപയോഗിക്കുന്നു, അതുകൊണ്ടു് ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസ് പഠിക്കുന്നു, വിദ്യാലയങ്ങളില്‍ വിന്‍ഡോസ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. വിദ്യാലയങ്ങള്‍ വിന്‍ഡോസ് പഠിപ്പിക്കുകയും, വിന്‍ഡോസ് ശീലിച്ച അഭ്യസ്ഥവിദ്യരെ സൃഷ്ടിക്കുകയും ചെയ്യുന്നു, ഇതു് വ്യവസായങ്ങളെ വിന്‍ഡോസു് തന്നെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു

മൈക്രോസോഫ്റ്റാകട്ടെ, ഈ ജഡത്വത്തെ വളര്‍ത്തുവാനും ശ്രദ്ധിക്കുന്നു; മൈക്രോസോഫ്റ്റ് വിദ്യാലയങ്ങളെ നിരന്തരം വിന്‍ഡോസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു, വെബ് സൈറ്റുകളുണ്ടാക്കാന്‍ കരാറുണ്ടാക്കുന്നു, എന്നിട്ടോ അതു ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു് വിന്‍ഡോസാണു് ഗ്നു/ലിനക്സിനെക്കാള്‍ വിലക്കുറവെന്നു മൈക്രോസോഫ്റ്റ് പരസ്യം ചെയ്തിരുന്നു. അവരുടെ വാദം പൊളിഞ്ഞു, പക്ഷേ അവരുടെ വാദങ്ങള്‍ ഒരു തരത്തിലുള്ള സാമൂഹ്യ ജഡതയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കുന്നതു നന്നു്: “ഇക്കാലത്തു് സാങ്കേതികവിദഗ്ദ്ധര്‍ക്കു് കൂടുതല്‍ അറിയുന്നതു് ഗ്നു/ലിനക്സിനേക്കാള്‍ വിന്‍ഡോസാണു്”. സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആളുകള്‍ പണം ലാഭിയ്ക്കാന്‍ പായില്ല. പക്ഷേ എന്തും, അതു സ്വന്തം സ്വാതന്ത്ര്യമായാലും വില്പനയ്ക്കുള്ളതാണെന്നു വിചാരിക്കുന്ന ചില ബിസിനസ് എക്സിക്യൂട്ടിവുകള്‍ ഉണ്ടു്.

സാമൂഹ്യ ജഡത്വത്തില്‍ ഉള്ളവര്‍ അതിനുവഴങ്ങിക്കൊടുത്തവരാണു്. നിങ്ങള്‍ സാമൂഹ്യ ജഡത്വത്തിനു് വശംവദനാകുമ്പോള്‍‍, സാമൂഹിക ജഡത്വം സമൂഹത്തില്‍ എല്‍പിക്കുന്ന സമര്‌ദ്ദത്തില്‍ നിങ്ങളും കക്ഷിചേരുന്നു; നിങ്ങള്‍ പ്രതിരോധിയ്ക്കുമ്പോള്‍ അതു കുറയുന്നു. ജഡത്വത്തെ തിരിച്ചറിയുകയും, അതിന്റെ ഭാഗമാവാതിരിക്കുകയും ചെയ്താണു് നാം അതിനെ തോല്‍പ്പിക്കുന്നതു്.

ഇവിടെ ഒരു ബലഹീനത നമ്മുടെ കൂട്ടായ്മയേ പിന്നോട്ടു് വലിക്കുന്നു: മിക്ക ഗ്നു/ലിനക്സ് ഉപയോക്താക്കളും ഗ്നു സംരംഭം തുടങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു ബോധവാന്‍മാരല്ല, അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങളെയാണു് അവര്‍ വിലമതിയ്ക്കുന്നതു്. ഇതവരെ സാമൂഹ്യ ജഡത്വത്തിന്റെ ചതിക്കുഴിക്കളിലേയ്ക്കു നയിക്കുന്നു.

നമ്മുടെ കൂട്ടായ്മയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു് വേണ്ടി,‍ നാം സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും സംസാരിയ്ക്കണം – ഓപ്പണ്‍ സോഴ്സ് വിഭാവനം ചെയ്യുന്ന പ്രായോഗികതാവാദത്തിനപ്പുറം. ജഡത്വത്തെ മറികടക്കാന്‍ ചെയ്യേണ്ടതെന്താണു് എന്നു് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുമ്പോള്‍, നാം കൂടുതല്‍ പുരോഗതി കൈവരിക്കും.