ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

ടക്സ് പെയിന്റ്

വിവരണം

ടക്സ് പെയിന്റ് കുട്ടികൾക്കായി നിർമ്മിച്ച, എല്ലാ കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കുന്ന ഒരു ചിത്രരചനാ സോഫ്റ്റ്‌വെയറാണ്. ഇതിന്റെ ലളിതമായ പ്രവർത്തനരീതി കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വെറും 3 വയസ്സുള്ള കുട്ടികൾക്ക് പോലും ഇത് അനായാസം ഉപയോഗിക്കാം. വലുപ്പമുള്ള ബട്ടണുകളും, അവയോടൊപ്പമുള്ള ചിത്രങ്ങളും എഴുത്തുകളും കുട്ടികൾക്ക് കാര്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനായി സഹായിക്കുന്നു. സ്ക്രീനിന് നടുവിലായി ഒരു വെളുത്ത ക്യാൻവാസ് കാണാം. ഇവിടെ കുട്ടികൾക്ക് പലതരം ടൂളുകളും ബ്രഷുകളും ഉപയോഗിച്ച് വരയ്ക്കാം. തുടക്കത്തിൽ, കളറിംഗ് ബുക്കുകളിലെ പോലെ രൂപരേഖാചിത്രങ്ങൾ നിറം നൽകാനായി തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

ഈ പ്രോഗ്രാമിൽ സാധാരണയായി ഉപയോഗിക്കുന്ന എല്ലാവിധ ഡ്രോയിംഗ് ടൂളുകളും ഉൾപ്പെടുന്നു, ഉദാഹരണത്തിന് രേഖകൾ, സ്വതന്ത്രമായി വരയ്ക്കാനും നിറം പൂശാനുമുള്ള ബ്രഷുകൾ, ജ്യാമിതീയ ആകൃതികൾ, വലുപ്പം മാറ്റൽ, ഇറേസർ, "റീഡു" (Redo), "അണ്ടു" (Undo) ഓപ്ഷനുകൾ, വരയ്ക്കുമ്പോൾ ശബ്ദം പ്ലേ ചെയ്യുന്നത്, കൂടാതെ "മാജിക്" എന്ന പ്രത്യേക ടൂളുമുണ്ട്, അത് ഇംപ്രസ്സീവ് ഇഫക്റ്റുകൾ നൽകുന്നു: റെയിൻബോ, ഗ്ലിറ്റർ, ചോക്ക്, ബ്ലർ, ഫ്ലിപ്പ്, എന്നിങ്ങനെ പലതും.

"മാജിക്" ടൂളിനൊപ്പം, കുട്ടികളുടെ മറ്റൊരു പ്രിയപ്പെട്ട ഫീച്ചറാണ് "സ്റ്റാമ്പ്". ഇതിൽ ധാരാളം ചിത്രങ്ങളും ക്ലിപ്പ് ആർട്ടുകളും അടങ്ങിയിട്ടുണ്ട്, അവ കാൻവാസിൽ "സ്റ്റാമ്പ്" ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, സസ്യങ്ങളും പൂക്കളും, മൃഗങ്ങൾ, ഹോളിഡേ ആർട്ട്, ഗ്രഹങ്ങൾ, അങ്ങനെ മറ്റു പലതും. ഈ സ്റ്റാമ്പുകളിൽ പലതും പ്രോഗ്രാമിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്, മറ്റുള്ളവ പ്രത്യേക കളക്ഷനുകളായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. പ്രോഗ്രാമിൽ സ്റ്റാമ്പുകളായി ഉൾപ്പെടുത്തുന്നതിനായി പല ഉപയോക്താക്കളും തങ്ങളുടെ സ്വന്തം കലാസൃഷ്ടികൾ സംഭാവന ചെയ്യുന്നു; ഇവിടെ, ഇന്ത്യയിലെ ഒരു സ്കൂളിലെ കുട്ടികൾ ഈ പ്രോഗ്രാം എങ്ങനെ ഉപയോഗിച്ചുവെന്നും, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം അവർ എങ്ങനെ പ്രയോജനപ്പെടുത്തി എന്നും നമുക്ക് നോക്കാം.

ടക്സ് പെയിന്റ് 80-ലധികം ഭാഷകളിൽ ലഭ്യമാണ്, ഇതിൽ ന്യൂനപക്ഷ ഭാഷകളും വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന ഭാഷകളും ഉൾപ്പെടുന്നു. ഇത്രയധികം ഭാഷകളിൽ ലഭ്യമാകുന്നത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ സംഭാവനകളുടെ ഫലമായാണ്.

കൂടുതൽ വിവരങ്ങൾക്കായി: എഫ്എസ്എഫ്ഡയറക്ടറി, ടക്സ് പെയിന്റ് ഒഫീഷ്യൽ വെബ്സൈറ്റ്

ആരാൽ, എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു

ഹോം ഉപയോക്താക്കളുടെ അഭിപ്രായങ്ങളും ടക്സ് പെയിന്റ് ഉപയോഗിക്കുന്ന സ്കൂളുകളിൽ നിന്നുള്ള കഥകളും ടക്സ് പെയിന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രോഗ്രാം കുട്ടികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ ഗ്രാഫിക് കഴിവുകൾ പരിചയപ്പെടുത്തുന്നതിനുള്ള ഏറ്റവും സഹായകരമായ ഉപകരണങ്ങളിലൊന്നാണെന്നും അത് അവർക്ക് വളരെ ആകർഷകമായ ഒരു പഠനാന്തരീക്ഷം നൽകുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും, കുട്ടികൾക്കുള്ള സമാന ഡ്രോയിംഗ് സോഫ്റ്റ്വെയറുകളെ അപേക്ഷിച്ച് ടക്സ് പെയിന്റിനെ വ്യത്യസ്തമാക്കുന്നത് അത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണെന്നുള്ളതാണ്, അതായത് ഇത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയും ഉപയോക്താവിന് പലതരം സ്വാതന്ത്ര്യങ്ങൾ നൽകിയുമാണ് വിതരണം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന്, ഉപയോക്താവിന് ആവശ്യമായ എത്ര വർക്ക്സ്റ്റേഷനുകളിലും ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമുണ്ട്, ഇത് പ്രത്യേകിച്ചും സ്കൂളുകൾക്ക് പ്രധാനമാണ്.

സ്വതന്ത്ര സോഫ്റ്റ്വെയർ ഉറപ്പാക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സ്വാതന്ത്ര്യം, ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രോഗ്രാം പരിഷ്കരിക്കാനും പരിഷ്കരിച്ച പതിപ്പിന്റെ പകർപ്പുകൾ പുനർവിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. ന്യൂനപക്ഷ ഗ്രൂപ്പുകൾ സംസാരിക്കുന്ന ഭാഷകൾ ഉൾപ്പെടെയുള്ള നിരവധി ഭാഷകളിൽ ടക്സ് പെയിന്റ് ലഭ്യമാകുന്നതിന് കാരണവും ഈ സ്വാതന്ത്ര്യം തന്നെയാണ്. യഥാർത്ഥത്തിൽ, കുറച്ച് പേർ സംസാരിക്കുന്ന ഭാഷകളിലേക്കുള്ള തർജ്ജമകൾ ഉപയോക്താക്കൾ തന്നെയാണ് നൽകിയിട്ടുള്ളത്. ഇത് ഇങ്ങനെയാകുന്നതിന് കാരണം, മിക്കപ്പോഴും, നോൺ-ഫ്രീ സോഫ്റ്റ്വെയർ വികസിപ്പിക്കുന്ന കമ്പനികൾ വിപണിയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് നയങ്ങൾ സ്വീകരിക്കുന്നത്: ലാഭം ഉറപ്പാക്കാന്മാത്രം വിപണി വലുതല്ലെങ്കിൽ, അവർ സാധാരണയായി അതിൽ നിക്ഷേപിക്കാൻ മടിക്കുന്നു.

ആന്തൂറിയം പുഷ്പത്തിന്റെ ചിത്രം.

ആന്തൂറിയം പുഷ്പത്തിന്റെ പേര് മലയാളത്തിൽ ഉച്ചരിക്കുന്ന ഒരു വിദ്യാർത്ഥിയെ ശ്രദ്ധിക്കുക.

അപ്പൂപ്പൻതാടി പുഷ്പത്തിന്റെ ചിത്രം.

അപ്പൂപ്പൻ താടി പുഷ്പത്തിന്റെ പേര് മലയാളത്തിൽ ഉച്ചരിക്കുന്ന ഒരു വിദ്യാർത്ഥിയെ ശ്രദ്ധിക്കുക.

ടക്സ് പെയിന്റിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യം എങ്ങനെ പ്രയോഗിക്കാമെന്നതിന് ഒരു നല്ല ഉദാഹരണം, ഇന്ത്യയിലെ കേരള സംസ്ഥാനത്തെ വി.എച്ച്.എസ്.എസ്. ഇരിമ്പനം സ്കൂളിലെ 11, 12 വയസ്സുകാരായ വിദ്യാർത്ഥികൾ ചെയ്ത പ്രവൃത്തിയാണ്. ഈ പ്രവൃത്തിയിൽ, വിദ്യാർത്ഥികൾ തന്നെ എടുത്ത ഫോട്ടോഗ്രാഫുകളിൽ നിന്ന് പ്രോഗ്രാമിൽ ഒരു കൂട്ടം സ്റ്റാമ്പുകൾ ചേർത്തു. അവർ പ്രാദേശിക പുഷ്പങ്ങളുടെ ഫോട്ടോഗ്രാഫുകൾ എടുത്ത്, സ്വതന്ത്ര സോഫ്റ്റ്വെയറായ ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാം ജിമ്പ് ഉപയോഗിച്ച് ഡിജിറ്റൽ ഇമേജുകൾ പ്രോസസ്സ് ചെയ്തു, കൂടാതെ ഓരോ പുഷ്പത്തിന്റെയും പേര് ഇംഗ്ലീഷിലും മലയാളത്തിലും ചേർത്തു. ടക്സ് പെയിന്റിന് ഒരു ശബ്ദ ഫംഗ്ഷൻ ഉള്ളതിനാൽ, വിദ്യാർത്ഥികൾ തങ്ങളുടെ സ്വരത്തിൽ മലയാളത്തിൽ പുഷ്പങ്ങളുടെ പേര് റെക്കോർഡ് ചെയ്തു, അതിനാൽ ഈ പുഷ്പങ്ങളിൽ ഒന്ന് കാൻവാസിൽ സ്റ്റാമ്പ് ചെയ്യുമ്പോൾ, ഉപയോക്താവിന് മലയാളത്തിൽ പുഷ്പത്തിന്റെ പേര് കാണാനും കേൾക്കാനും കഴിയും. വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുക, കൂടാതെ സബ്റിപ്പ് സബ്ടൈറ്റിലുകൾ

പ്രോഗ്രാം പരിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം പ്രയോഗിച്ച് ഈ സ്കൂൾ ചെയ്ത മറ്റൊരു ഉപയോഗപ്രദമായ പ്രവൃത്തി എന്തെന്നാൽ, ടക്സ് പെയിന്റിന്റെ ഇന്റർഫേസ് കേരള സംസ്ഥാനത്തെ ഭാഷയായ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു എന്നതാണ്.

എന്തിനു വേണ്ടി

പ്രോഗ്രാം പരിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഒരു പ്രധാനപ്പെട്ട വിഭവമാണ്, അത് സ്കൂൾ അടിസ്ഥാന കമ്പ്യൂട്ടർ ഗ്രാഫിക് കഴിവുകൾ പഠിപ്പിക്കുന്നതിനോ കുട്ടികളെ മനോരഞ്ജിപ്പിക്കുന്നതിന് വേണ്ടിയോ മാത്രമല്ല, അതിനപ്പുറത്തേക്കും എത്താൻ ഉപയോഗിച്ചു. വിവരസാങ്കേതികവിദ്യ ഉപയോക്താവിനെ അധീനമാക്കുന്ന ഒന്നല്ല, ഉപയോക്താവിന് മുകളിൽ ചുമത്തപ്പെടുന്ന ഒന്നുമല്ല, മറിച്ച് ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സേവിക്കുന്ന ഒരു ഉപകരണമാണെന്ന് അവരെ കാണിക്കാൻ ഇത് ഉപയോഗിച്ചു.

ലാബിലെ എല്ലാ കമ്പ്യൂട്ടറുകളിലും പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമായിരുന്നു, കാരണം സ്കൂളിന് ലൈസൻസുകളിൽ നിക്ഷേപിക്കാൻ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ മാത്രമേ ഉള്ളൂ. പ്രോഗ്രാമിന്റെ ഒറിജിനൽ, പരിഷ്കരിച്ച പതിപ്പുകളുടെ പകർപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിലൂടെ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂൾ സഹായം നൽകി.

ഫലങ്ങൾ

ടക്സ് പെയിന്റിൽ സ്റ്റാമ്പുകൾ ചേർക്കുന്നത് വിദ്യാർത്ഥികൾക്ക് ഒരു ഉത്സാഹജനകവും സമ്പന്നവുമായ അനുഭവമായിരുന്നു. ആദ്യം, പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ വിശകലനം ചെയ്യുകയും, അതുവഴി സ്റ്റാമ്പുകൾ നിർമിക്കുന്നതിന് പ്രോഗ്രാം ഉപയോഗിക്കുന്ന മെക്കാനിസം കണ്ടെത്തുകയും ചെയ്തു. തുടർന്ന്, പ്രോഗ്രാമിന്റെ ഈ പ്രത്യേക സവിശേഷത സ്റ്റാമ്പുകൾ ചേർക്കാൻ അനുവദിക്കുന്നതെങ്ങനെയെന്നും അത് എങ്ങനെ ചെയ്യാമെന്നും അവർ പഠിച്ചു. ഇമേജുകൾ കൈകാര്യം ചെയ്യുന്ന സമയത്ത് അവർ ജിമ്പിനെക്കുറിച്ച് ആഴത്തിലുള്ള അറിവും നേടി. ഈ മുഴുവൻ പ്രക്രിയയും അവർക്ക് പുതിയ സാങ്കേതിക കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം മാത്രമല്ല, പ്രാദേശിക സസ്യജാലങ്ങളെ തിരിച്ചറിയാനും അവയെ അഭിനന്ദിക്കാനുമുള്ള അവസരവും നൽകി. ഏറ്റവും പ്രധാനമായി, സോഫ്റ്റ്വെയർ സ്വാതന്ത്ര്യം നൽകുമ്പോൾ, പ്രോഗ്രാമർ അല്ലാത്തവർക്കും കുട്ടികൾക്കും പോലും യഥാർത്ഥത്തിൽ വിവരസാങ്കേതികവിദ്യയെ സ്വാധീനിക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് അവർ പഠിച്ചു.


ക്രെഡിറ്റുകൾ

മലയാളത്തിലുള്ള ടക്സ് പെയിന്റ് ഇന്റർഫേസിലെ അപ്പൂപ്പൻ താടി, ആന്തൂറിയം എന്നീ പ്രാദേശിക പുഷ്പങ്ങളുടെ ചിത്രങ്ങളും, അവയോട് അനുബന്ധമായുള്ള രണ്ട് ശബ്ദ ഫയലുകളും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിമ്പനത്തിന്റെ സംഭാവനയാണ്, ഇവ CC-BY-SA, ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് 3.0 അൺപോർട്ടഡ് ലൈസൻസ് പ്രകാരം ലൈസൻസ് ചെയ്തിരിക്കുന്നു