ഈ പരിഭാഷയിൽ, 2021-07-16 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഗ്നു സംരംഭവും തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.

1984 -ല്‍ ലൈസന്‍സ് നിയന്ത്രണങ്ങളുള്ള കുത്തകസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെ ഒരു ആധുനിക കമ്പ്യുട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനോ തങ്ങളുടെ ആവശ്യാനുസരണം അതു മാറ്റുവാനോ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഉപയോക്താക്കളെ സോഫ്റ്റ്‌വെയര്‍ ഉടമസ്ഥര്‍ വന്‍മതിലുകള്‍ കെട്ടി വേര്‍തിരിച്ചുകഴിഞ്ഞിരുന്നു.

ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാവുന്ന ഒരു പ്രവര്‍ത്തക സംവിധാനമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95 ശതമാനമോ അല്ലെങ്കില്‍ 99.5 ശതമാനമോ അല്ല, മറിച്ച് 100 ശതമാനവും സ്വതന്ത്രമായ – അതായതു് ഉപയോക്താക്കള്‍ക്കു് പൂര്‍ണ്ണമായും പുനര്‍വിതരണം ചെയ്യാനും ആവശ്യമുള്ള ഭാഗങ്ങളില്‍ മാറ്റം വരുത്താനും സാധിക്കുന്നതായിരുന്നു അതു്. ഗ്നു എന്ന ഈ സംവിധാനത്തിന്റെ പേരു “ഗ്നു യുണിക്സ് അല്ല (GNU's Not Unix)” എന്ന ചുരുളഴിയാത്ത ചുരുക്കെഴുത്തില്‍ നിന്നാണു് ഉണ്ടായതു്. ഇതു യുണിക്സിനോടുള്ള സാങ്കേതികമായ കടപ്പാടും അതേ സമയം ഗ്നു യുണിക്സില്‍ നിന്നും വ്യത്യസ്തവുമാണെന്ന് സൂചിപ്പിക്കുന്നു. സാങ്കേതികമായി ഗ്നു യുണിക്സുമായി വളരെയധികം സാമ്യമുള്ളതാണു്. എന്നാല്‍ യുണിക്സില്‍ നിന്നും വ്യത്യസ്തമായി, അതു ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു.

ഈ പ്രവര്‍ത്തക സംവിധാനം വികസിപ്പിക്കുവാന്‍ നൂറുകണക്കിനു പ്രോഗ്രാമര്‍മാരുടെ വര്‍ഷങ്ങളുടെ അക്ഷീണ പ്രയത്നം വേണ്ടിവന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളും കുറച്ചുപേര്‍ക്ക് പ്രതിഫലം നല്‍കി. എന്നാല്‍ ഭൂരിപക്ഷം പേരും സന്നദ്ധപ്രവര്‍ത്തകരായിരുന്നു. ഇതു കൊണ്ടു കുറച്ചു പേര്‍ പ്രശസ്തരായി, ചിലര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു ചില ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ് ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുകവഴിയായിരുന്നു. ഇവരെല്ലാവരും ചേര്‍ന്നു് കമ്പ്യൂട്ടര്‍ ശ്രംഖലയുടെ സാധ്യതകള്‍ മാനവരാശിയ്ക്കു് വേണ്ടി സമര്‍പ്പിച്ചു.

1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തക സംവിധാനത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ആള്‍ക്കാര്‍ ഉപയോഗിക്കുന്നു, കൂടാതെ ദിനംപ്രതി അതിന്റെ പ്രചാരം കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ ഗ്രാഫിക്കല്‍ പണിയിടമായ ഗ്നോമിന്റെ 1.0 പതിപ്പ് പുറത്തിറങ്ങുകയാണ്. ഇതു ഗ്നു/ലിനക്സിനെ, മറ്റു ഏതു പ്രവര്‍ത്തക സംവിധാനത്തെക്കാളും കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്നാലും നമ്മുടെ ഈ സ്വാതന്ത്ര്യം എല്ലാക്കാലത്തും നിലനില്‍ക്കണമെന്നില്ല. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്, അഞ്ചു വര്‍ഷത്തിനുശേഷവും അതുണ്ടാവണമെന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുദിനം പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആദ്യമായി സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തക സംവിധാനം ഒരു തുടക്കം മാത്രമാണ് – ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഏതുജോലിയും ചെയ്യാവുന്നവിധത്തിലുളള പ്രയോഗങ്ങള്‍ നമുക്കു് വികസിപ്പിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളേയും, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും, ഗ്നു/ലിനക്സിന്റെ വികസനത്തെ ബാധിക്കുന്ന വിഷയങ്ങളേയും കുറിച്ചാണു് ഇനിയുള്ള ലക്കങ്ങളില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത്.