ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയറും വിദ്യാഭ്യാസവും

സ്വതന്ത്ര സോഫ്റ്റ്‌വെയർ വിദ്യാഭ്യാസവുമായി ബന്ധപ്പെടുന്നതെങ്ങനെ?

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യത്തിനു് വിദ്യാഭ്യാസത്തിൽ സുപ്രധാനമായ ഒരു പങ്കുണ്ടു്. എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‍വെയർ പഠിപ്പിക്കണം. എന്തുകൊണ്ടെന്നാൽ, മനുഷ്യജ്ഞാനം വ്യാപിപ്പിക്കുക, വിദ്യാർത്ഥികളെ അവരുടെ സമൂഹത്തിലെ നല്ലൊരു അംഗമാകുവാൻ തയ്യാറാക്കുക എന്നീ അടിസ്ഥാനപരമായ ദൌത്യങ്ങൾ നിറവേറ്റാൻ അവരെ അനുവദിക്കുന്ന ഒരേ ഒരു സോഫ്റ്റ്‍വെയർ ഇതാണ്. സോഴ്സ് കോഡും സ്വതന്ത്ര സോഫ്റ്റ്‍വെയർ രീതികളുമൊക്കെ മനുഷ്യജ്ഞാനത്തിന്റെ ഭാഗങ്ങളാണു്. ഇതിനുവിപരീതമായി, കുത്തകസോഫ്റ്റ്‍വെയറുകൾ രഹസ്യമാണു്, അതു നിയന്ത്രിതമായ ജ്ഞാനമാണു്, അതായതു് അതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൌത്യത്തിനു് എതിരാണു്. സ്വതന്ത്ര സോഫ്റ്റ്‍വെയർ വിദ്യാഭ്യാസത്തെ പിന്താങ്ങുന്നു, അതേസമയം കുത്തക സോഫ്റ്റ്‍വെയർ വിദ്യാഭ്യസത്തെ വിലക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്നതു വെറും ഒരു സാങ്കേതിക കാര്യമല്ല; ഇതു ധാർമ്മികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരു കാര്യമാണു്. ഇതു സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്കുണ്ടായിരിക്കേണ്ട മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു കാര്യമാണു്. സ്വാതന്ത്ര്യവും സഹകരണവുമാണു് സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ അടിസ്ഥാന മൂല്യങ്ങൾ. ഗ്നു സിസ്റ്റം ഈ മൂല്യങ്ങളെയും, മനുഷ്യന്റെ പുരോഗതിയ്ക്കു നല്ലതും ഉപകാരപ്രദവുമായ പങ്കുവെക്കലിന്റെ തത്ത്വത്തെയും പ്രായോഗികമാക്കുന്നു.

കൂടുതൽ അറിയുവാൻ, സ്വതന്ത്ര സോഫ്റ്റ്‍വെയർ നിർവചനവും എന്തുകൊണ്ടു സോഫ്റ്റ്‍വെയർ സ്വതന്ത്രമാകണം എന്ന ലേഖനവും നോക്കുക.

അടിസ്ഥാന കാര്യങ്ങൾ

1983-ൽ റിച്ചാർഡ് സ്റ്റാൾമാനാണു് ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം: ഗ്നു ഓപ്പറേറ്റിങ് സിസ്റ്റം, ഡവലപ്പുചെയ്യാനായി ഗ്നു സംരംഭം സമാരംഭിച്ചതു്. ഇതിന്റെ ഫലമായി, ഇന്നു് ഏതൊരാൾക്കും സ്വാതന്ത്ര്യത്തോടെ കംപ്യൂട്ടർ ഉപയോഗിക്കാൻ കഴിയുന്നു.

ഇവിടെ കൊടുത്തിരിക്കുന്ന 6 മിനുട്ടുള്ള വീഡിയൊയിൽ, റിച്ചാർഡ് സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ തത്ത്വങ്ങളെ കുറിച്ചും എങ്ങനെ അവ വിദ്യാഭ്യാസവുമായി ബന്ധപ്പെടുന്നുവെന്നും ചുരുക്കത്തിൽ വിവരിക്കുന്നു.

ഉയർന്ന നിലവാരത്തിൽ Ogg Theora (ogv) സ്വതന്ത്ര ഫോർമാറ്റിൽ വീഡിയൊ ‍ഡൗൺലോഡു ചെയ്യുകയും കാണുകയും ചെയ്യാം. ഈ വീഡിയൊയുടെ കൈയ്യെഴുത്തുപ്രതി ഇംഗ്ലീഷിലും, സ്പാനിഷിലും, കൂടാതെ മറ്റു ഭാഷകളിലും ലഭ്യമാണു്. SubRip സബ്ടൈറ്റിൽ ഫയലുകളും ഇംഗ്ലീഷിലും സ്പാനിഷിലും മറ്റു ഭാഷകളിലും ലഭ്യമാണു്.

കൂടുതൽ ആഴത്തിൽ