ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട

എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു. കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.

പക്ഷെ ചിലര്‍ക്കു് അതു് അത്ര എളുപ്പമാകുന്നതില്‍ താത്പര്യമില്ല! പകര്‍പ്പവകാശ വ്യവസ്ഥ, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് “ഉടമകളെ” സൃഷ്ടിച്ചു. എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിയിച്ചതു്. നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു് അവരുടെ ആഗ്രഹം

അച്ചടിയ്ക്കൊപ്പമാണു് –വന്‍തോതില്‍ പകര്‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ– പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം. അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ. എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്. അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു് പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല, അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.

അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു ചേരാത്തതാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. “സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന” (Software Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:

ഈ നാലു് രീതികള്‍ക്കും പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം. സോവിയറ്റ് യൂണിയനില്‍ ഓരോ പകര്‍പ്പു് യന്ത്രത്തിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു് വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു. ഇതുതമ്മിലുള്ള വ്യത്യാസം, സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നെങ്കില്‍, അമേരിക്കയില്‍ ലാഭമായിരുന്നു ലക്ഷ്യം എന്നതാണു്. പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവു് പങ്കുവയ്ക്കുന്നതു് തടയാനുള്ള ‌ഏതു് ശ്രമവും, അതു് എന്തിനുവേണ്ടിയായിരുന്നാലും, ഇതേ നിന്ദ്യമായ മാര്‍ഗ്ഗങ്ങളിലേക്കു് നയിക്കും.

അറിവു്, നാം എങ്ങിനെ ഉപയോഗിക്കണമെന്നു് നിശ്ചയിക്കാനുള്ള അധികാരം ഉടമകള്‍ക്കുമാത്രമാണെന്നു് സമര്‍ത്ഥിക്കുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ മുഖങ്ങള്‍ നിരത്തുന്നു.

സമുഹത്തിനു് എന്താണാവശ്യം? അതിനു് അറിവു് ആവശ്യമാണു്, ആ അറിവു് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം. ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും, തിരുത്താനും, രൂപാന്തരം വരുത്താനും, മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍, സോഫ്റ്റ്‌വെയര്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്.

സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നതു്, ഉപയോക്താക്കളെ സംബന്ധിച്ചടുത്തോളം, വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.

സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണു്. നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു് “കടല്‍ക്കൊള്ള (piracy)”-യാണു് എന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.

അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.

ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്, പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്. ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിക്കും വേണ്ടിയാണു്. പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.

1980-കള്‍ മുതല്‍ സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്. ആരേയും പണക്കാരനാക്കേണ്ട ആവശ്യമില്ല; പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും ശരാശരി വരുമാനം തന്നെ തൃപ്തിപ്പെടുത്തുന്നതാണു്.

ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ, എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി. ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍, അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്, അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയവയല്ല.

ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 1994-ല്‍ 50-ഓളം തൊഴിലാളികളുള്ള‍ സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.

1990-കളുടെ തുടക്കത്തില്‍, ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ്, അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. ഇപ്പോഴും ജിസിസി-യുടെ ഏതാണ്ടെല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതു് പ്രതിഫലം പറ്റുന്ന ഡെവലപ്പര്‍മാരാണു്. അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ 90-കളില്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു, അതിനു് ശേഷം, ഇക്കാര്യത്തിനു് മാത്രമായി രൂപീകരിച്ച ഒരു കമ്പനിയാണതു് ചെയ്യുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ ഉപയോക്താവിന്റെ പക്കല്‍ നിന്നും നിര്‍ബന്ധമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനിര്‍ത്തികൊണ്ടു് പറ്റും എന്നതിനു്, ശ്രോതാക്കളുടെ സഹായത്തോടെ, അമേരിക്കയില്‍, പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.

ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം. ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ നിരാകരിയ്ക്കണം.

സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണു്. സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്. നിങ്ങളുടെ സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ടു്.

നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.

അടിക്കുറിപ്പുകള്‍

  1. പിന്‍ക്കാലത്ത് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഈ ലേഖനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതാണു്.


അറിവിന്റെ തികവു് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിയ്ക്കുമെന്നു് ഉറപ്പുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ദുഷ്ടലാക്കുകളില്‍ നിന്നും, മനുഷ്യാവകാശധ്വംസനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയാക്കുന്നതു്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാതലായ, വസുധൈവ കുടുമ്പകം എന്ന ആശയത്തോടു് യോജിച്ചുകൊണ്ടു് സ്വാതന്ത്ര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പക്ഷത്തു നില്‍ക്കുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ കുറിയ്ക്കപ്പെടും തീര്‍ച്ച.