എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.
പക്ഷെ എല്ലാവര്‍ക്കും അതു് അത്ര എളുപ്പമാകണമെന്ന ആഗ്രഹമില്ല! പകര്‍പ്പവകാശ വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് “ഉടമകളെ” ഉണ്ടാക്കി.എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിച്ചതു് .നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു് അവരുടെ ആഗ്രഹം
അച്ചടിയ്ക്കൊപ്പമാണു്(--ബഹുജനാടിസ്ഥാനത്തില്‍ പകര്‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ)പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം.അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ.എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്.അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു് പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല,അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.
അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു ചേരാത്തതാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. "സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന"(Software Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:
- സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു് തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചാരണങ്ങള്‍
- സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക
- വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുക.അവിടത്തെ സാധാരണ ജനങ്ങള്‍ക്കു് ശിക്ഷകളില്‍ നിന്നും മറ്റും ഒഴിവാകാനായി, "അനധികൃത" പകര്‍പ്പിനു് അവര്‍ നിരപരാധികളാണെന്നു് തെളിയിക്കുകയും വേണ്ടിവരുന്നു.
- പകര്‍പ്പു് നടത്തിയതിനല്ല,നടത്താനുള്ള സാധ്യത നീക്കാത്തിനും അതു് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനും എംഐറ്റിയിലെ ഡേവിഡ് ലാമാക്കിയ(David LaMacchia)പോലുള്ളവരെ ശിക്ഷിയ്ക്കുക(അതും SPA യുടെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു).കൂടാതെ അയാള്‍ പകര്‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും
ഈ നാലു് രീതികള്‍ പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം തോന്നുന്നതു്.സോവിയറ്റ് യൂണിയനില്‍ പകര്‍പ്പു് യന്ത്രത്തിനോരോന്നിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു.അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു് വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു.“samizdat”പോലെ. ഈ രണ്ടിടത്തും നിശ്ചയമായും ഒരു വ്യത്യാസമുണ്ടു്.സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ ലക്ഷ്യങ്ങളാണെങ്കില്‍ അമേരിക്കയില്‍ കൊള്ളലാഭമാണു് ലക്ഷ്യം.പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവ് പങ്കുവയ്ക്കുന്നതിനെ തടയാനുള്ള ഓരോ ശ്രമവും അതു് എന്തിനായാലും,ഇതേ ക്രൂരമായ മാര്‍ഗ്ഗങ്ങളിലേക്കായിരിക്കും എത്തിയ്ക്കക.
അറിവു് പകര്‍ത്താനുള്ള അവകാശം ഉടമകള്‍ക്കുമാത്രമാണെന്ന് പറയുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ നിരത്തുന്നു:
- പേരു വിളിയ്ക്കുന്നതു്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഭൌതിക വസ്തുക്കളും ഒന്നാണെന്ന കാഴ്ചപ്പാടു് വരാനായി സവിശേഷമായ രീതിയിലാണു് അവര്‍ വാക്കുകളുപയോഗിക്കുന്നതു്. “പൈറസി”, “മോഷണം” തുടങ്ങിയ ലളിത പദങ്ങളില്‍ തുടങ്ങി “intellectual property” പോലുള്ള വിദഗ്ദ്ധര്‍ക്കുള്ള അബദ്ധവാക്കുകള്‍ വരെ ഇതിനുദാഹരണങ്ങളാണു്.
ഭൌതികമായ വസ്തുക്കള്‍ ഒരാളുടെ പക്കല്‍ നിന്നു് “എടുക്കുന്ന”ത് ശരിയാണോ തെറ്റാണോ എന്നുള്ളതിനടിസ്ഥാനമായണു് നമ്മുടെ ശരിതെറ്റുകളും മുല്യങ്ങളും ഉള്ളതു്.ഇതിനു് ഒരു വസ്തുവിന്റെ പകര്‍പ്പുണ്ടാക്കുന്നതുമായി ഒരു ബന്ധവുമില്ല പക്ഷെ “ഉടമകള്‍” അങ്ങനെ കാണാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.
- പെരിപ്പിച്ചു കാണിയ്ക്കല്‍.
ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു് “സാമ്പത്തിക നഷ്ടവും” “ഉപദ്രവും” ആണെന്നാണവരുടെ വാദം.പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു് ബാധിയ്ക്കുന്നില്ല മാത്രമല്ല പകര്‍പ്പെടുപ്പു് ആരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും ,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു ,എന്നാണെങ്കില്‍ മാത്രമാണു് ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.
പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്.എന്നിട്ടും ഉടമകള്‍ ആ “നഷ്ടം” കണക്കാക്കുന്നു. ഇതു് മാന്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു കാണിയ്ക്കലാണു്.
- നിയമം.
ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍ കിട്ടാവുന്ന ശിക്ഷകളേയും പിഴകളേയും പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് —അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ ഉള്‍ക്കൊള്ളാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.
ഈ രീതിയിലുള്ള പ്രചാരണത്തിനു് ശക്തമായ ഒരു വിശകലത്തിനെ താങ്ങാനുള്ള ശേഷിയില്ല മറിച്ചു് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടി ഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.
It's elementary that laws don't decide right and wrong. Every American should know that, in the 1950s, it was against the law in many states for a black person to sit in the front of a bus; but only racists would say sitting there was wrong.
- മൌലികാവകാശങ്ങള്‍.
എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പ്രത്യേക അധികാരം അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മറ്റെല്ലാവരുടേയും(എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം പക്ഷെ ഈ വ്യത്യാസം കാര്യമല്ല.)
ഇതൊരു പ്രമാണമായി പറയണമെങ്കില്‍ —എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം — ശ്രദ്ധിക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു് അതിലൊരു കഴമ്പുമില്ല എന്നാണു്.
പക്ഷെ ആളുകള്‍ക്കു് പൊതുവെ ഇവരുടെ മൌലിക അവകാശങ്ങളോടു് മമത തോന്നുന്നെങ്കില്‍ അത് രണ്ടു് കാരണത്താല്‍ മാത്രമായിരിയ്ക്കും.
അതിലൊന്നു്, സോഫ്റ്റ്‌വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞു് താരതമ്യപ്പെടുത്തുന്നതാണു്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും കഴിക്കുന്നതു് എനിയ്ക്കു് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കതു് കഴിക്കാന്‍ പറ്റില്ല. ആ പ്രവര്‍ത്തി അയാള്‍ക്കെത്ര ഗുണംചെയ്യുന്നോ അത്രയും ദോഷം അതെനിയ്ക്കും ഉണ്ടാക്കുന്നു.ഞങ്ങള്‍ തമ്മിലുള്ള ചെറിയ വ്യത്യാസം പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുന്നതാണു്.
പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണു്.എന്നെ അത് പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു് എന്റെ പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്.ആര്‍ക്കും ഉണ്ടാകരുതാത്തതാണു്
രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന് സ്വീകാര്യമായ,ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളാണെന്ന ധാരണയാണു്.
എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു് .അമേരിക്കന്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ എഴുത്തുകാരുടെ മൌലികാവകാശങ്ങളെ പറ്റി അവതരിപ്പിച്ചപ്പോള്‍ ആ ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം അനുവദിയ്ക്കുകയാണു് ഭരണഘടന ചെയ്യുന്നതു് അനുശാസിയ്ക്കുകയല്ല.അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും കാരണം.പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്ത്തും പ്രസാധകര്‍ക്കു് അതില്‍ ക്കൂടുതലും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ പരിഷ്കരണത്തിനാണു്.
പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കത്തിവയ്ക്കുന്നതാണെന്നാണു് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം —പൊതു ജനങ്ങളെ കരുതി മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.
- സാമ്പത്തിക ശാസ്ത്രം.
“ഉടമകള്‍” വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണു്.
മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍ കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.
പക്ഷെ ഈ വാദത്തില്‍ ഒരു തെറ്റുണ്ടു്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണു് പ്രശ്നം എന്ന അടിസ്ഥാനത്തിലാണു് ഈ വാദം ഉന്നയിക്കുന്നതു്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും ,കൂടുതല്‍ “സോഫ്റ്റ്‌വെയര്‍ ഉത്പാദിപ്പിയ്ക്കുക” എന്നാണു് ലക്ഷ്യം എന്ന് ഈ വാദം സാധൂകരിയ്ക്കുന്നു.
ഭൌതിക വസ്തുക്കളുമായുള്ള പൊതുജനങ്ങളുടെ അനുഭവം അങ്ങനെയായതു കൊണ്ടു് ജനങ്ങള്‍ ഇതു് അംഗീകരിയ്ക്കുകയും ചെയ്യുന്നു.ഒരു ഉഴുന്നുവടയുടെ കാര്യമെടുക്കു.ഒരേ തരത്തിലുള്ള ഉഴുന്നുവട നിങ്ങള്‍ക്കു് വിലയ്ക്കും വെറുതെയും കിട്ടിയേക്കാം.അങ്ങനെയാണെങ്കില്‍ പണം മാത്രമാണു് വ്യത്യാസം.നിങ്ങള്‍ അതു് വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ടു് ഉഴുന്നുവട തമ്മില്‍ സ്വാദിലോ,പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ ഉഴുന്നുവടയും ഒരു തവണയെ കഴിക്കാന്‍ പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നതു് എന്നതു് അതിന്റെ ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല;അതിനും ശേഷം നിങ്ങളുടെ കൈയ്യിലുള്ള പണത്തെ ഒഴിച്ചു്.
ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു് .അതിനു് ഉടമ ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു് എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.
പക്ഷെ ഉടമസ്ഥത ഉള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍ , ആ പ്രോഗ്രാം എന്താണെന്നും ,അതു് വാങ്ങിച്ചാല്‍ നിങ്ങള്‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും ഉള്ളതിനെ അതു് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍ മാത്രമല്ല. സോഫ്റ്റ്‌വെയറുകള്‍ക്കു് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ കൂടുതല്‍ സോഫ്റ്റ്‌വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിനു് ശരിക്കും വേണ്ടതല്ല.അതു് നമ്മേയെല്ലാം ബാധിക്കുന്ന സുതാര്യമല്ലാത്ത അസന്മാര്ഗ്ഗിക പ്രവണതകള്‍ക്കും വഴിവെയ്ക്കുന്നു
എന്താണു് സമുഹത്തിനാവശ്യം?.അതിനു് അറിവു് ആവശ്യമാണു്.ആ അറിവു് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും ,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ സോഫ്റ്റ്‌വെയര്‍ ഉടമകള്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്
സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നതു് വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.
സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണു്.നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു് നിയമ വിരുദ്ധമാണെന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.
അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.
ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്,പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്.ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിയ്ക്കും വേണ്ടിയാണ്.പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്.പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും അമേരിക്കക്കാരുടെ ശരാശരി വരുമാനമായ $35k പ്രതിഫലമായി കൊടുത്താല്‍ മതിയാകും.
ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയതല്ല.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഗ്നു സീഡികള്‍ ,ട്ടീ-ഷര്‍ട്ടുകള്‍ , ഗ്നു പ്രോഗ്രാമുകളേകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ,എല്ലാ ഗ്നു സോഫ്റ്റ്‌വെയറുകളുടേയും പ്രത്യേക വിതരണങ്ങള്‍ (ഇവയെല്ലാം പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും സ്വാതന്ത്ര്യമുള്ളവ തന്നെയാണു്),തുടങ്ങിയവ വില്‍പ്പന നടത്തിയും സംഭാവനകള്‍ സ്വീകരിച്ചും പണം സ്വരൂപിയ്ക്കുന്നു. ഇപ്പോള്‍ ഇതിനു കീഴില്‍ അഞ്ചു് പ്രോഗ്രാമര്‍മ്മാരും,കത്തുകളിലൂടെ സാധനങ്ങള്‍ ആവശ്യപ്പെടുന്നതു് കൈകാര്യം ചെയ്യാനായി മൂന്നു് പേരും ജോലി ചെയ്യുന്നു.
ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 50-ഓളം തൊഴിലാളികളുള്ള (ഈ ലേഖനം എഴുതുമ്പോള്‍) സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.
ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ് ,അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. അതുപോലെ അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു. എന്തെന്നാല്‍ ഏറ്റവും ചിലവു് കുറഞ്ഞ രീതിയില്‍ നല്ല നിലവാരമുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ ഇതാണേറ്റവും നല്ല മാര്‍ഗ്ഗം എന്നവര്‍ വിശ്വസിക്കുന്നു. (വ്യോമ സേനയുടെ മൂലധനം,കുറച്ചുകാലങ്ങള്‍ക്ക് മുന്‍പു് നിര്‍ത്തിവച്ചു.അഡ കമ്പ്യൂട്ടര്‍ ഭാഷ ഇപ്പോള്‍ സേവനത്തിലുണ്ട്,അതിന്റെ പരിചരണം വ്യാവസായിക പ്രസ്ഥാനങ്ങളില്‍ അധിഷ്ഠിതവുമാണു്)
ഇതെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ ഉപഭോക്താവിന്റെ പകല്‍ നിന്നും നിശ്ചയമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനില്‍ക്കാന്‍ പറ്റും എന്നതിനു്, അമേരിക്കയിലുള്ള, ശ്രോതാക്കളുടെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.
ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം.ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ നിരാകരിയ്ക്കണം.
സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണു്.സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്.നിങ്ങളുടെ സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ടു്.
നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.