വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു — കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍, സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ ആഗ്രഹിയ്ക്കുന്നതാണു് കമ്പ്യൂട്ടര്‍ചെയ്യുന്നതു്, ഉപയോക്താവാഗ്രഹിയ്ക്കുന്നതല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള് ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിലൂന്നിയ ഒരു സന്മാര്‍ഗ്ഗ ജീവിതം പ്രദാനം ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം ഏവര്‍ക്കുമെന്നപോലെ വിദ്യാലയങ്ങള്‍ക്കും ബാധകമാണു്.
പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ടു്. അതാണു് ഈ ലേഖനത്തിന്റെ വിഷയം.
ഒന്നാമതായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കാദായകരമാണു്. മറ്റേതു ഉപയോക്താവിനുമെന്ന പോലെ വിദ്യാലയങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, അങ്ങിനെ വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള എല്ലാ കമ്പ്യൂട്ടറിലേയ്ക്കും പകര്‍ത്താനും അവര്‍ക്കു് കഴിയും. ദരിദ്രരാഷ്ട്രങ്ങളിലിതു് ദരിദ്രരാഷ്ട്രങ്ങളിലിതു് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും അല്ലാത്തവരും തമ്മിലുള്ള വിടവു്(ഡിജിറ്റല്‍ വിഭജനം) കുറയ്ക്കാനും ഉപകരിയ്ക്കുന്നു.
മേല്‍പ്പറഞ്ഞതു് പ്രായോഗികമായി പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!— ഇത്തരത്തില്‍ ദാനം വാങ്ങുന്ന വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കു് കുറച്ചുകൂടി കാമ്പുള്ള കാരണങ്ങള്‍ പരിശോധിയ്ക്കാം.
വിദ്യാലയങ്ങള്‍ക്കു് ഒരു സാമൂഹിക ദൌത്യമുണ്ടു്: ശക്തവും,പ്രാപ്തവും,നിരപേക്ഷിതവും,സഹകരണാത്മകവും ആയ ഒരു സ്വതന്ത്ര സമൂഹത്തിലെ പൌരന്മാരാക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതു പോലെത്തന്നെയാണു് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശീലിച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തിനു ശേഷവും അതുപയോഗിയ്ക്കും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് സഹായിക്കും.
വിദ്യാലയങ്ങള്‍ ചെയ്യേണ്ടതു് ആശ്രയത്ത്വം പഠിപ്പിക്കാതിരിക്കുകയാണു്. സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന പുകയില കമ്പനികളെ പോലെ[1] ശീലങ്ങള്‍ ഉണ്ടാക്കാനാണു് കുത്തകസോഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ സൌജന്യമായി നല്‍കുന്നതു്. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ അവര്‍ക്കു് യാതൊരു സൌജന്യവും ലഭിക്കില്ല.
സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഇതനുവദിക്കുന്നുള്ളു.
അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന കാര്യം പരമ രഹസ്യമാണെന്നും, അതു് വിലക്കപ്പെട്ടതാണെന്നുമാണവര്‍ പറയുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരും പഠിയ്ക്കുന്നതു് പ്രോത്സാഹിപ്പിയ്ക്കുന്നു . സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ മുന്നോട്ടു് നയിക്കാന്‍ പ്രാപ്തരാക്കുന്നു.
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ ഏറ്റവും ആഴത്തിലുള്ള കാരണം ധാര്‍മ്മിക വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു, പക്ഷെ അതുമാത്രമല്ല അവരുടെ കര്‍ത്തവ്യം. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം നല്ല പൌരന്മാരെ വാര്‍ത്തെടുക്കയെന്നതാണു്, സഹായശീലം വളര്‍ത്തുന്നതും അതില്‍പ്പെടും. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. “നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം, താത്പര്യമുള്ളവര്‍ക്കു് പഠിക്കാനായി, അതിന്റെ സോഴസ്‌കോഡും ക്ലാസില്‍ പങ്കിടണം” എന്നാണു് പ്രാഥമിക തലം മുതല്‍ക്കുള്ള വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയേണ്ടതു്.
വിദ്യാലയങ്ങള്‍ തീര്‍ച്ചയായും പറയുന്നതു് പാലിക്കണം; വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പകര്‍ത്താനും, വിതരണം നടത്താനും വിദ്യാര്‍ത്ഥികളെ അനുവദിയ്ക്കണം.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാനും പഠിപ്പിയ്ക്കുന്നതു് തന്നെ പൌരബോദ്ധം വളര്‍ത്താനായുള്ള പ്രായോഗിക പാഠമാണു്. വന്‍കിട കുത്തകകളുടേതില്‍നിന്നും വ്യത്യസ്തമായി, പൊതുജനസേവനത്തിന്റെ ഉദാത്തമാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.
- വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിവന്നു. http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.